മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കുമെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെഹ്റയുടെ ഡി.ജി.പി സ്ഥാനം മോദിയുടെ നിര്‍ദേശപ്രകാരം പിണറായി നടപ്പിലാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു.

മോദിക്കും പിണറായി വിജയനും ഇടയിലുള്ള പാലമാണ് ബെഹ്റ. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായിരുന്ന ബെഹ്റ 2004ലെ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ഗുജറാത് കലാപ കേസുകളിലും നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുള്ള പ്രത്യുപകാരമാണ് ഡി.ജി.പി സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കിയത് ആറന്മുള കണ്ണാടിയാണ്. ദീര്‍ഘകാലം ജീവിക്കണേയെന്നും വിജയിക്കണേ എന്നും പ്രാര്‍ഥിച്ചുകൊണ്ടാണ് ആറന്മുള കണ്ണാടി നല്‍കുന്നതെന്ന് ഹിന്ദുമതവിശ്വാസികള്‍ക്ക് അറിയാം. എത്ര പ്രതീകാത്മകമായാണ് പിണറായി അക്കാര്യം ചെയ്തത്. അതുകഴിഞ്ഞ് കേരളഹൌസിലെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് ഇതുപോലൊരു പ്രധാനമന്ത്രിയെ സങ്കല്‍പിക്കാന്‍ പോലും കഴിയില്ലെന്നാണ്. ഇത് തന്‍റെ ഓഫീസല്ല, തങ്ങളുടെ വീടാണെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞുവത്രെ… അതിനുശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി ആദ്യം ഒപ്പുവെച്ചത് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലാണ്…”

https://www.youtube.com/watch?v=comRZua77ds

അഞ്ച് വര്‍ഷം ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ മോദിയും അമിത് ഷായും കൂട്ടുപ്രതികളായ നിരവധി ഫയലുകള്‍ കാണാന്‍ കഴിഞ്ഞെന്നും അതിലെല്ലാം ഇരുവരെയും വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയ ബെഹ്റയുടെ നടപടി അത്ഭുതപ്പെടുത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയെത്തിയ മുഖ്യമന്ത്രി ആദ്യം ഒപ്പുവെച്ചത് ബെഹ്റയെ ഡി.ജി.പിയായി നിയമിക്കാനുള്ള ഉത്തരവിലാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി  ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രത് ജഹാൻ കേസിൽ എന്തെങ്കിലും അന്വേഷണം ബെഹ്റ നടത്തിയോ? എൻ.ഐ.എയിൽ നിന്ന് അവധി എടുത്തിരുന്നോ? എടുത്തിരുന്നെങ്കിൽ എന്തിനെടുത്തു? ഈ ചോദ്യങ്ങള്‍ക്ക് ബെഹ്റ മറുപടി പറയണം… അദ്ദേഹം പ്രസംഗത്തില്‍ തുടരുന്നു.

https://youtu.be/QmS15hmFQSo

loknath behraCM Pinarayi Vijayanmullappally ramachandran
Comments (0)
Add Comment