തിരുവനന്തപുരം : മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. തടവുകാരന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളുടെ ലംഘനമാണ് സിദ്ദിഖ് കാപ്പന്‍റെ വിഷയത്തില്‍ സംഭവിച്ചത്. സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് പേരുകേട്ട പൊലീസാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേത്.
ഓരോദിവസം കഴിയുമ്പോഴും അതിന്‍റെ തീവ്രത വര്‍ധിക്കുന്നു. മനുഷ്യനെ മൃഗതുല്യമായിട്ടാണ് ഉത്തര്‍പ്രദേശ് പൊലീസ് കാണുന്നതും കൈകാര്യം ചെയ്യുന്നതും. സിദ്ദിഖ് കാപ്പനു ലഭിക്കേണ്ട മാനുഷിക പരിഗണന തീര്‍ച്ചയായും ഉറപ്പാക്കണം. കൊവിഡ് ബാധിതനായ കാപ്പന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. അതിനാല്‍ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍ക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. അത് നിറവേറ്റാത്തത് പ്രാകൃതമാണ്. പരിഷ്‌കൃത സമൂഹത്തിന് അപമാനമാണിത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സിദ്ദിഖ് കാപ്പന്‍റെ ദുരവസ്ഥയില്‍ ഇടപെടുകയും മാനുഷികനീതി ഉറപ്പാക്കുകയും വേണം. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും സിദ്ദിഖ് കാപ്പന്‍റെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.