തിരുവനന്തപുരം : അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.
വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനക്ഷേമ ഭരണം വാഗ്ദാനം ചെയ്താണ് യുഡിഎഫ് ജനവിധി തേടുന്നത്. അതിന് തെളിവാണ് യുഡിഎഫിന്റെ പ്രകടന പത്രിക. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒളിച്ചുകളി വെളിപ്പെടുത്തുന്നതാണ് അവരുടെ പ്രകടനപത്രിക.വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് ഒരക്ഷരം പോലും എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലില്ല. 40 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതും മറ്റൊരു തട്ടിപ്പാണ്.പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് എല്‍ഡിഎഫ് പ്രകടന പ്രതികയിലുള്ളത്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ എന്ന കണക്കില്‍ പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാന ഉറപ്പ് പദ്ധതിയാണ് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് വയ്ക്കുന്ന സുപ്രധാന വാഗ്ദാനം.സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിത്.ഇതിന്റെ ഗുണഫലം താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് യുഡിഎഫ് ഉറപ്പാക്കും. ഇതിന് പുറമെ ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്യും. അടിസ്ഥാന വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു കുടുംബവും കേരളത്തില്‍ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.