ഗവർണ്ണറും മുഖ്യമന്ത്രിയും കണ്ണ് പൊത്തിക്കളിക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, February 8, 2022

ലോകായുക്ത നിയമഭേദഗതിയില്‍ ഒപ്പ് വച്ച ഗവർണ്ണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഗവർണ്ണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുന്നെന്നും  മുല്ലപ്പള്ളി രാമചന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മിൽ നടന്ന ഒരു മണിക്കൂർ നീണ്ട സംഭാഷണങ്ങൾക്കു ശേഷം ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ച ഗവർണ്ണറുടെ തീരുമാനം അങ്ങേയറ്റം അനുചിതവും അപലപനീയവുമാണ്.

അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണ് ?

എന്തൊക്കയോ ഒളിച്ചു വെക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓർഡിനൻസെന്ന സ്പഷ്ടം. സുതാര്യവും സത്യസന്ധവും നീതിപൂർവ്വകവുമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണ്ണർ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്തില്ലായെന്നത് എങ്ങിനെ ന്യായീകരിക്കും.

ഇന്ത്യക്കു മുഴുവൻ മാതൃകയായ ഒരു സംവിധാനമാണ് ലോകായുക്തയിലൂടെ കേരളം കാണിച്ചതെന്ന് അഭിമാനിച്ചവരാണ് സി.പി.എം.. 22 വർഷം മുമ്പ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായ കാലത്താണ് വിപുലമായ ചർച്ചകളിലൂടെ ലോകായുക്ത സംവിധാനം നിലവിൽ വന്നത്. ആ സംവിധാനത്തിന്റെ അടിവേരുകൾ അറുത്തുകൊണ്ടാണ് മറ്റൊരു സി.പി.എം. ഭരണകൂടം കേരള ചരിത്രത്തിൽ കറുത്ത അദ്ധ്യായം രചിക്കാൻ തയ്യാറായിട്ടുള്ളത്.

അധികാരസ്ഥാനത്തിരിക്കുന്നവർ അഴിമതിയുടെ പേരിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിയെഴുതിയാലും ബന്ധപ്പെട്ട അധികാരികൾ മൂന്ന് മാസത്തിനകം ഹിയറിങ്ങ് നടത്തി അത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പുതിയ ഭേദഗതിയുടെ കാതൽ.
അതിനർത്ഥം ആര് അഴിമതി നടത്തിയാലും എന്ത് ചെയ്യണമെന്ന് ”ഞങ്ങൾ’ തീരുമാനിക്കുമെന്നാണ്. ഇതിന്റെ പേരാണ് മിതമായ ഭാഷയിൽ ഫാസിസമെന്ന് പറയുന്നത്. സ്റ്റാലിനെ ആരാധ്യ പുരുഷനായി കാണുന്ന ഒരു മുഖ്യമന്ത്രിയിൽനിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല.

അഴിമതിയും ധനസമ്പാദനവും മാത്രം ലക്ഷ്യമായി കാണുന്ന ഒരു ഭരണകൂടത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്. ഇടതുപക്ഷമെന്ന വായ്ത്താരിയല്ലാത്ത മുതലാളിത്ത-കോർപ്പറേറ്റ് താല്പര്യത്തിനപ്പുറം മറ്റൊന്നും ഈ സർക്കാറിന്റെ മുന്നിലില്ല.

സുപ്രീം കോടതിയിലെ മുൻ ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്ന നിബന്ധനയും റദ്ദാക്കാൻ പുതിയ ഓർഡിനൻസിലൂടെ തീരുമാനിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ഏതെങ്കിലും ജഡ്ജിന് ലോകായുക്തയാകാമെന്നാണ് പുതിയ ഭേദഗതി.

സ്വഭാവ ധാർഢ്യവും സത്യനിഷ്ഠയുമുള്ള നിരവധി മുൻ ഹൈക്കോടതി ന്യായാധിപന്മാരുണ്ടെങ്കിലും അവരാരും പരിഗണിക്കപ്പെടില്ല. റിട്ടയർമെന്റ്ന് ശേഷം രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്ന ആരെയെങ്കിലും മനസ്സിൽ കണ്ടുള്ള നീക്കമായിരിക്കും ഇനി വരാൻ പോകുന്നതു്.

കേരളത്തിലെ വിവേകവും നീതി ബോധവും കൈമോശം വന്നിട്ടില്ലാത്ത ജനങ്ങൾ ആശങ്കാകുലരാണ്. നീതിയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെടുന്നതു് അവരുടെ മനസ്സുകളെ വല്ലാതെ നോവിക്കുകയാണ്.
ബഹു: കേരള ഗവർണ്ണർ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തൊടൊപ്പം ഒരേ പാർട്ടിയിൽ ലോകസഭാംഗങ്ങളായി പ്രവർത്തിച്ച കാലം ഞാൻ ഓർക്കുന്നു. ഷാ ബാനു കേസ്സുമായി ബന്ധപ്പെട്ട് അന്ന് നിലപാട് സ്വീകരിച്ച് കോൺഗ്രസ്സ് വിട്ടുപോയ ആരിഫ് മുഹമ്മദ് ഖാനെന്ന പാർലമെൻറ് അംഗത്തിന്റെ നിഴലു പോലുമല്ല ബഹു: കേരളാ ഗവർണ്ണറായ ആരിഫ് മുഹമ്മദ് ഖാൻ.

കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി ഒരു സാദാരാഷ്ട്രീയ നേതാവിനെപ്പോലെ ഒരു ദിവസം പലവട്ടം മാധ്യമങ്ങളുമായി അഭിരമിക്കുന്ന അങ്ങയെ ഞങ്ങൾ മറന്നിട്ടില്ല. സർവ്വകലാശാലകളിലെ അഴിമതികളിൽ രോഷാകുലനായി കലി തുള്ളിയ ഗവർണ്ണറെ ഞങ്ങൾക്കറിയാം. ഞാൻ ഇനി ചാൻസിലർ പദവിയിലിരിക്കുകയില്ലെന്ന് കർണ്ണനെപ്പോലും തോല്പിക്കുന്ന ‘ ശപഥം’ നടത്തിയ ഗവർണ്ണറാണ് അങ്ങ് . സത്യബോധവും നിശ്ചയധാർഢ്യവുമുള്ള ഒരാളായിരുന്നുവെങ്കിൽ അങ്ങ് പറഞ്ഞതിൽ ഉറച്ചുനിൽക്കുമായിരുന്നു.

ഒരു പൊതു പ്രവർത്തകൻ പലവട്ടം ആലോചിച്ചേ എന്തെങ്കിലും പറയാൻ പാടുള്ളു. പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിറകോട്ട് പോകുന്നത് അങ്ങേയറ്റം ഭീരുത്വമാണ്. അങ്ങ് ഒരു ഭീരുവായി കാണാൻ ഒരു പഴയ സഹപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കഴിയുന്നില്ല.

ഒരു കാര്യം കൂടി ചെയ്യ്തു കൊണ്ട് ലോകായുക്ത വിവാദം ബഹു: ഗവർണ്ണർ അവസാനിപ്പിക്കണം. എത്രയും വേഗം വേരുകൾ അറുത്തു മാറ്റപ്പെട്ട ലോകായുക്ത എന്ന നീതിയുടെ ഈ വൻമരം ഇനിയുണ്ടാവില്ലെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള അങ്ങയുടെ അഭേദ്യമായ ബന്ധം വെച്ച് തീരുമാനമെടുപ്പിക്കണം.

ഗവർണ്ണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMullappallyR%2Fposts%2F2105314246297623&show_text=true&width=500