ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത് ; ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് ഗ്യാലക്സോണ്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Monday, February 17, 2020

തിരുവനന്തപുരം : ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് ഗ്യാലക്സോൺ കമ്പനിയുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കണമെന്ന്  കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്യാലക്സോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം വേണം. സർക്കാരും പൊലീസും ഈ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണ്. കൃത്യമായ വ്യവസ്ഥകളോടെയാണോ ഇടപെടലുകള്‍. ഇക്കാര്യങ്ങളെല്ലാം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂർത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധൂർത്തും ധാരാളിത്തവും മാത്രമാണ് പിണറായി സർക്കാരിന്‍റെ മുഖമുദ്ര. പ്രവാസികൾക്ക് ഒരു പ്രയോജനവുമില്ലാത്ത ലോക കേരളസഭയുടെ പേരിൽ സർക്കാർ വൻ ധൂർത്താണ് നടത്തിയത്. ലോക കേരളസഭയിലെ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണണത്തിനുമായി ഒരു കോടിയോളം രൂപ ചെലവാക്കിയെന്നത് ഞെട്ടിക്കുന്നതാണ്. ഭക്ഷണ ബില്ല് ഒരാൾക്ക് 2000 രൂപയെന്നത് കേട്ടുകേൾവിയില്ലാത്തതാണ്. പാവപ്പെട്ടവരായ നികുതി ദായകരുടെ പണം ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിന്‍റെ ധൂർത്ത്. സംസ്ഥാനത്ത് വികസന മുരടിപ്പാണ്. ചൂണ്ടിക്കാണിക്കാൻ ഒരു പദ്ധതി പോലും സംസ്ഥാന സർക്കാരിനില്ല. മൂന്നര വർഷം കൊണ്ട് പിണറായി സർക്കാർ സംസ്ഥാനത്തിന്റെ കടബാധ്യത ഒരു ലക്ഷം കോടിയായി വർധിപ്പിച്ചു എന്നതാണ് സുപ്രധാന നേട്ടം. സഹസ്ര കോടീശ്വരനമാർക്കായിട്ടാണ് ലോക കേരളസഭ സംഘടിപ്പിച്ചത്. സാധരണക്കാരായ ഒരു പ്രവാസിയേയും ലോക കേരളസഭയിൽ കാണാൻ കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൊലിസിന്‍റെ അടുക്കളയിലും ഫാസിസം കടന്നെത്തിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പോലീസിന്‍റെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയത് ഞെട്ടിക്കുന്ന സംഭവമാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാർ മനസാണെന്നും പിണറായിക്ക് മോദിയേയും അമിത് ഷായേയും മുഷിപ്പിക്കാനാവില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരു സംരക്ഷണവും നൽകാത്ത പാർട്ടിയാണ് സി.പി.എം. അതിന് തെളിവാണ് ബി.ജെ.പിയെപ്പോലെ ബീഫ് നിരോധനം നടപ്പാക്കാൻ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പും തുനിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയന്‍റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.