ഇന്ന് കേരളത്തില്‍ ദിവാന്‍ ഭരണകാലത്തുപോലുമില്ലാതിരുന്ന ദുര്‍ഭരണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, July 7, 2019

കൊല്ലം: ദിവാന്‍ ഭരണകാലത്ത് പോലുമില്ലാത്ത ദുര്‍ഭരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . സ്വാതന്ത്ര്യസമര നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ കൊല്ലം ജില്ലയിലെ മയ്യനാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
അധികാരം കുടുംബ താല്‍പ്പര്യത്തിന് മാത്രം ഉപയോഗിക്കുന്ന ഇക്കാലത്ത് അധികാര ഗര്‍വ്വില്ലാത്ത നേതാവായിരുന്നു സി.കേശവനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. സ്വാതന്ത്ര്യസമര നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.
അഴിമതി ഇന്ന് ആചാരമായി മാറി. ആദര്‍ശം വില്‍പ്പന ചരക്കാകാത്ത നേതാവായിരുന്നു സി.കേശവന്‍. അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായ പോരാട്ടം നയിച്ചു. മഹാനായ സാമൂഹ്യ വിപ്ലവകാരിയായിരുന്നു അദ്ദേഹം. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ജീവിതാന്ത്യം വരെ പോരാടി സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹം പ്രയത്നിച്ചു.നിസ്വാനായി ജനിച്ച് നിസ്വനായി മരിച്ച സി.കേശവന്‍ വര്‍ത്തമാന രാഷ്ട്രീയ രംഗത്ത് ഒരു അത്ഭുതമാണ്. നിവര്‍ത്തന പ്രക്ഷോഭത്തിന്റെയും ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന്റെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെയും മുഖ്യശില്‍പ്പികളില്‍ ഒരാളായിരുന്നു അദ്ദേഹം. അധികാര സ്ഥാനങ്ങളോട് എന്നും കലഹിച്ച നേതാവായിരുന്നു സി.കേശവന്‍.അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സി.കേശവന്റെ പുതുതലമുറയ്ക്ക് മാതൃകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.കേശവന്റെ അമ്പാതം ചരമവാര്‍ഷികത്തിന്റെ സ്മരണക്കായി കെ.പി.സി.സി.യില്‍ 50 ദീപങ്ങള്‍ തെളിയിച്ചു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കും കെ.പി.സി.സി തുടക്കം കുറിച്ചു.മ്യൂസ്യത്തിന് മുന്നിലെ സി.കേശവന്റെ പ്രതിമയിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, പാലോട് രവി, മണക്കാട് സുരേഷ്, കെ.വിദ്യാധരന്‍, എം.ആര്‍.തമ്പാന്‍, ശാസ്തമംഗലം മോഹനന്‍, പി.എസ്.പ്രശാന്ത, പത്മിനി തോമസ്, എന്‍.എസ്.നൂസൂര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.