പി.എസ്.സി പരീക്ഷാ ക്രമക്കേട്: ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി ഗവര്‍ണ്ണറെ കണ്ടു

കേരള പി.എസ്.സി പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷിക്കുന്നതിന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണ്ണര്‍ റിട്ട.ജസ്റ്റിസ് പി.സദാശിവത്തെ നേരില്‍ കണ്ട് നിവേദനം നല്‍കി.

ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടായ ആശങ്ക ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടുവെന്നും മുല്ലപ്പള്ളി ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു വര്‍ഷം പി.എസ്.സി. നടത്തുന്ന 200 ഓളം പരീക്ഷയില്‍ ഒരു കോടിയിലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

എന്നാല്‍ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന വഴിവിട്ട നിയമനങ്ങളുടെ കഥകളാണ് പുറത്തുവരുന്നത്. ഇത് പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. ക്രമക്കേട് കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യം തനിക്കില്ല. നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റ് എത്തിയവരുണ്ട്. അതിനാല്‍ റാങ്ക് ലിസ്റ്റ് പൂര്‍ണ്ണമായി റദ്ദാക്കിയാല്‍ അത്തരക്കാരോട് കാണിക്കുന്ന കടുത്ത അനീതിയായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്‍റെ കേസിനെ കുറിച്ചും ഗവര്‍ണ്ണര്‍മായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ പറ്റിയും ഗവര്‍ണ്ണറെ ധരിപ്പിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിയമം ബാധകമാണ്. എല്ലാവരും നിയമത്തിന്‍റെ മുന്നില്‍ തുല്യരാണ്. വലിയവനും പാവപ്പെട്ടവനും രണ്ടു തരം നിയമങ്ങളില്ല. അധികാരത്തിലെത്തി മൂന്നൂവര്‍ഷം പിന്നിടുമ്പോഴും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു പ്രസക്തിയുമില്ല. ഒരു ദുരന്തമായി അദ്ദേഹം മാറി. ആഭ്യന്തരവകുപ്പ് ചീഞ്ഞ് നാറുകയാണ്. മുഖ്യമന്ത്രി എത്രയും വേഗം ആഭ്യന്തരം ഒഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

mullappally ramachandranGovernor P Sathasivam
Comments (0)
Add Comment