ഡി.ജി.പിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് ദുരൂഹം. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോലീസുകാരെ സ്വാധീനിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുല്ലപ്പളളി ആരോപിച്ചു. രണ്ട് ദിവസം മുമ്പാണ് ഡിജിപി പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് പുറത്തിറക്കിയത്. എല്ലാ ജില്ലാ എസ്പിമാര്‍ക്കും സന്ദേശം അയക്കുകയായിരുന്നു. എന്നാല്‍ ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണ് വിവരം ശേഖരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്ന ഉത്തരവ് ആദ്യമായാണ് പുറത്തിറങ്ങുന്നത്. ഇതുവഴി പൊലീസ് വോട്ട് അട്ടിമറിക്കാന്‍ ആണ് ശ്രമമാണ് നടക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.
വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട് കൈക്കലാക്കാനാണ് അസോസിയേഷന്റെ നീക്കമെന്നാണ് ആക്ഷേപം. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. പോസ്റ്റല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായാണ് സേനയ്ക്കുള്ളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന പരാതി. പൊലീസുകാരുടെ വിവരങ്ങള്‍ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നും അസോസിയേഷന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടര്‍ പട്ടികയിലെ പൊലീസുകാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ആര്‍ക്കുവേണമെങ്കിലും അത് എടുക്കുവാന്‍ സാധിക്കും. അതാണ് അസോസിയേഷന്റെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മെയ് 23 വരെ പോസ്റ്റല്‍ ബാലറ്റ് സമര്‍പ്പിക്കാന്‍ സമയമുണ്ട്.