മുഖ്യമന്ത്രിയോട് ജനവിധി പറയുന്നത് “മാറി നിൽക്കൂ” എന്നാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, May 25, 2019

തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചും മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോയതുകൊണ്ടാണ് വിജയം നേടിയത്. കേരളത്തിൽ യുഡിഫിന്‍റെ നിലപാട് ശരിയായിരുന്നു എന്നാണ് വിജയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പ്രസക്തി നഷ്ടപ്പെട്ടു.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ പരിഹസിച്ചത് അവർക്ക് ആർഎസ്എസ് മനസ് ഉള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ യുഡിഎഫിന്‍റെ നിലപാട് ശരിയായിരുന്നുവെന്നും ശബരിമല പ്രശ്നം ബാധിച്ചിട്ടില്ല എന്ന് പറയുന്ന മുഖ്യമന്ത്രി യാഥാർഥ്യബോധത്തോടെ വസ്തു നിഷ്ഠമായി സാഹചര്യത്തെ വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയം – ഓഖി എന്നീ ദുരന്തങ്ങളെ അഭിമുഖീകരിച്ച രീതിയിലും സർക്കാർ പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

രമ്യ ഹരിദാസിനെതിരെ നടത്തിയത് സ്ത്രീത്വത്തിനു എതിരായ പരാമർശമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതക്ക് മുന്നിൽ മുഖ്യമന്തി കൊഞ്ഞനംകുത്തുകയാണ്. അഹന്തക്കുള്ള നോബൽ സമ്മാനം മുഖ്യന്ത്രിക്കു നൽകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എംകെ രാഘവനെ അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് വിധി തെളിയിക്കുന്നത്.

മുഖ്യമന്ത്രിയോട് മാറി നിൽക്കു എന്നാണ് വിധി പറയുന്നത്. മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം തന്നെ രാജി വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. നാണമുണ്ടെങ്കിൽ രാജി വെക്കൂ എന്ന് 2004 -ൽ എ.കെ. ആന്‍റണിയോടെ ആവശ്യപ്പെട്ട പിണറായി വിജയൻ നിലവിലെ സാഹചര്യത്തിൽ രാജി വെക്കാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപിക്കു ശബരിമലയിൽ പോലും മുന്നിട്ടു നിൽക്കാൻ സാധിച്ചില്ല. മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയത് എന്തുകൊണ്ടാണെന്നും ബിജെപി യുടെ വോട്ടുകൾ എവിടെപ്പോയി എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും പറഞ്ഞ മുല്ലപ്പള്ളി തീവ്ര ഹിന്ദുത്വം കേരളത്തിന്‌ ആവശ്യമില്ലെന്നും വ്യക്തമാക്കി.

പശ്ചിമബംഗാളിൽ സിപിഎം വോട്ട് മൊത്തമായി ബിജെപിക്കു ആണ് പോയത്. കറകളഞ്ഞ നിലപാടിനുള്ള മറുപടിയാണ് വിജയം. കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായത് താത്കാലിക പരാജയം മാത്രമാണ്. കൊടുങ്കാറ്റു പോലെ അതിശക്തമായി കോൺഗ്രസ് തിരിച്ചു വരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.