ശ്രീധന്യയെ നേരില്‍ക്കണ്ട് അഭിനന്ദിക്കാന്‍ രാഹുലെത്തും; മുല്ലപ്പള്ളി രാമചന്ദ്രന്‍ വീട്ടിലെത്തി അനുമോദിച്ചു

Jaihind Webdesk
Monday, April 8, 2019

കല്‍പ്പറ്റ: അടുത്ത തവണ രാഹുല്‍ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ ശ്രീധന്യയെ നേരില്‍ കണ്ട് അനുമോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച പൊഴുതന ഇടിയംവയലിലെ ശ്രീധന്യ സുരേഷിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ ഈ വിജയത്തിലെത്തിച്ചതെന്നും ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായും തിരഞ്ഞെടുത്ത കരിയറില്‍ മികച്ച വിജയം നേടാന്‍ ശ്രീധന്യക്കാവട്ടെയെന്നും രാഹുല്‍ നേരത്തെ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന കൗമാരം പിന്നിട്ട് നേടിയ ഈ വിജയം അവഗണനയും വിവേചനവും നേരിടുന്ന ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. രാഹുല്‍ഗാന്ധി ശ്രീധന്യയെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മാസം 16, 17 തീയതികളിലൊന്നില്‍ ജില്ലയിലെത്തുന്ന രാഹുല്‍ഗാന്ധി ശ്രീധന്യയെ നേരില്‍കണ്ട് അനുമോദ നം അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീധധ്യയുട വീട്ടിലെത്തിയ ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ, പി വി ബാലചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് സുനീഷ് തുടങ്ങിയ വര്‍ക്കൊപ്പമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രീധന്യയുടെ വീട് സന്ദര്‍ശിച്ചത്.