ചെറുപുഴയിലെ കരാറുകാരന്‍റെ മരണത്തെക്കുറിച്ച് കെപിസിസി സമിതിയുടെ തെളിവെടുപ്പ്; റിപ്പോർട്ട് കെ പി സി സിക്ക് കൈമാറും; ജോസഫിനുണ്ടായ കടബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി

Jaihind News Bureau
Thursday, September 12, 2019

കണ്ണൂർ ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫിന്‍റെ ബാധ്യതകൾ കെ.പി.സി.സി ഏറ്റെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപെട്ട കമ്പനികൾ നൽകാനുള്ള പണത്തിന്‍റെ ആദ്യ ഗഡു ഉടൻ കൈമാറും. കോൺഗ്രസ് നേതൃത്വത്തിന്‍റെ ഇടപെടലിൽ വിശ്വാസമുണ്ടെന്ന് കുടുംബം വ്യക്തമാക്കി. മരണം സംബന്ധിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതി തെളിവെടുപ്പ് തുടങ്ങി.

ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി ഉപസമിതി അംഗങ്ങൾ എന്നിവർക്കൊപ്പമാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെറുപുഴയിലെ ജോസഫിന്‍റെ വീട്ടിലെത്തിയത്. ജോസഫിന്‍റെ ഭാര്യ, മക്കൾ , മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ചു. സാമ്പത്തികമടക്കം കുടുംബം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾക്ക് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പരിഹാരമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരോപണം നേരിടുന്ന നേതാൾക്കെതിരെ നടപടിയുണ്ടാകും. കോൺഗ്രസ് നേതാക്കളുടെ പേരുകളിൽ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തും. പണം നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു.

കെ.പി.സി.സി നിയമിച്ച മൂന്നംഗ അന്വേഷണ സമിതി ജോസഫിന്‍റെ വീട്ടിലെത്തി തെളിവെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, കെ.പി അനിൽകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ദിഖ് എന്നിവർ അടങ്ങിയ സമിതിയാണ് തെളിവെടുപ്പ് ആരംഭിച്ചത്. സമിതി അംഗങ്ങൾ ജോസഫിന്‍റെ ഭാര്യ ഉൾപ്പടെയുള്ള കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. ആരോപണം നേരിടുന്ന ട്രസ്റ്റ് ഡയറക്ടർമാരിൽ നിന്നും വിവരങ്ങൾ ആരായും. അഞ്ച് ദിവസത്തിനുള്ളിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫിന്‍റെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.