സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകളിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : സിപിഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം താന്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. രതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം. സിപിഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയക്കൊല കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍തട്ടി മരിച്ചു.

അരിയില്‍ ഷുക്കൂര്‍,ഫസല്‍ എന്നിവരുടെ കൊലക്കേസിലെ പ്രതികള്‍ മന്‍സൂര്‍ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ പൊലീസ് അന്വേഷണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. അതുകൊണ്ട് ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Comments (0)
Add Comment