പോലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, February 19, 2020

പോലീസിലെ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാവപ്പെട്ട പോലീസുകാര്‍ ക്വാര്‍ട്ടേഴ്സുകളില്ലാതെ ദയനീയാവസ്ഥയില്‍ നരകിക്കുമ്പോഴാണ് ആഢംബര വില്ലകള്‍ക്ക് കോടികള്‍ പൊടിച്ചത്. പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യവും വാഹനങ്ങളുമില്ലാത്ത സാഹചര്യത്തില്‍ ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആഢംബരവില്ലകള്‍ പണിയാനുള്ള തീരുമാനം നികുതിദായകനോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ എന്താണ് സിപിഎമ്മിന്‍റെ നിലപാടെന്ന് വിശദീകരിക്കണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന അഴിമതിയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപിക്കും എഡിജിപിമാര്‍ക്കും ചട്ടവിരുദ്ധമായി പണിത വില്ലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.