മുല്ലപ്പെരിയാര്‍ അണക്കെട്ട് 1 മണിക്ക് തുറക്കും; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

Jaihind Webdesk
Friday, August 5, 2022

 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് 1 മണിക്ക് തുറക്കും. മൂന്ന് ഷട്ടറുകള്‍ 30 സെന്‍റിമീറ്റർ വീതം തുറന്ന് 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയർത്തും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുൻകരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഷീബ ജോർജും അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9 മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 Cm വീതം ഉയർത്തി 534 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും ജീവനക്കാരും അതീവ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കളക്ടർ നിർദ്ദേശിച്ചു.

മുല്ലപെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ഞുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.