മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.40 അടി ; ഒരു ഷട്ടര്‍ തുറന്നു

Jaihind Webdesk
Tuesday, November 23, 2021

Mullaperiyar-Dam

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്.  ഇതിന്‍റെ  പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ തുറന്നു.

തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചത്. കൃത്യം 24 മണിക്കൂറിനുശേഷം അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ വീണ്ടും തുറക്കേണ്ടിവന്നു. വി3 ഷട്ടറാണ് ഉയര്‍ത്തിയത്. 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറന്ന പശ്ചാത്തലത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും. എന്നാല്‍ വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതി തമിഴ്‌നാടിനുണ്ട്. അതനുസരിച്ച് അവര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.