മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.05 അടി ; ഒരു ഷട്ടര്‍ കൂടി തുറന്നു

Jaihind Webdesk
Saturday, November 20, 2021

Mullaperiyar-Dam

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെ ഒരു ഷട്ടർകൂടി ആറ് മണിക്ക് ഉയർത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ നിലവിലെ തുറന്ന ഷട്ടർ കൂടുതൽ ഉയർത്തിയേക്കും. 40 സെന്‍റിമീറ്ററില്‍ നിന്നും 80 ആക്കും. റൂൾ കമ്മറ്റി തീരുമാനം ഉടൻ ഉണ്ടായേക്കും. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തീർത്ഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.