മുല്ലപ്പെരിയാറില്‍ ഇടക്കാല ഉത്തരവ് തുടരും: ജലനിരപ്പ് 142 അടിയാക്കാം; കേസ് ഡിസംബർ 10ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Monday, November 22, 2021

Mullaperiyar-Dam-1

ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ കേസ് ഡിസംബർ 10 ന് വീണ്ടും സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജലനിരപ്പുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് തുടരും. തമിഴ്നാടിന് വെള്ളം ലഭിക്കണം കേരളത്തിന് സുരക്ഷ ഉറപ്പാക്കണം അത് മാത്രമാണ് ആവശ്യമെന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി. റൂൾ കർവിൽ തീർപ്പുണ്ടാകണം എന്ന കേരളം കോടതിയിൽ പറഞ്ഞു. അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്‍റെ നിലപാട് കോടതി രേഖപ്പെടുത്തി.

മുല്ലപ്പെരിയാർ കേസിൽ അന്തിമ തീർപ്പ് വേഗത്തിലുണ്ടാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ചു പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബർ 10 ന് വീണ്ടും കേസ് പരിഗണിക്കുന്നതുവരെ മേൽനോട്ട സമിതി നിർദേശിച്ച ജലനിരപ്പ് തുടരാമെന്ന ഒക്ടോബർ 28 ലെ ഇടക്കാല ഉത്തരവ് തുടരും. ഇതോടെ മുല്ലപ്പെരിയാറില്‍ നവംബര്‍ 30 മുതല്‍ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് തടസങ്ങളില്ല. 141 അടിയാണ് മുല്ലപ്പെരിയാറിലെ ഇന്നത്തെ ജലനിരപ്പ്.

മുല്ലപ്പെരിയാർ കേസിൽ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം തമിഴ്നാടിന്‍റെ നിർദേശപ്രകാരമുള്ള റൂൾ കർവിന്‍റെ കാര്യത്തിൽ കേരളം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് കേരളം ചൂണ്ടിക്കാട്ടി.വിഷയത്തിൽ അന്തിമ തീർപ്പുണ്ടാക്കണമെന്നു കേരളം വ്യക്തമാക്കി. ഇതിനോടു തമിഴ്നാടിനു വേണ്ടി ഹാജരായ ശേഖർ നാഫ്ഡെയും യോജിച്ചു. സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ഹാജരായ വിൽസ് മാത്യു മുല്ലപ്പെരിയാർ കരാർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും  വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.