മുല്ലപ്പെരിയാറിലെ മരംവെട്ട് : പരിശോധന നടന്നില്ലെന്ന് വനംമന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റ് ; സർക്കാർ പ്രതിരോധത്തില്‍

Jaihind Webdesk
Tuesday, November 9, 2021

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്നാട് സംയുക്ത പരിശോധന നടന്നില്ലെന്ന വനംമന്ത്രിയുടെ വാദം തെറ്റ്.കേരള തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്ന് സ്ഥിരീകരിച്ചു.  പ്രസ്താവന തിരുത്തുന്നതിനായി സ്പീക്കർക്ക് നോട്ട് നൽകി.

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം. സംയുക്ത പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു.

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.