‘സിൽവർ ലൈൻ നാടിന് ആപത്ത്’ ; പദ്ധതി ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Tuesday, November 30, 2021

Mullapaplly-Ramachandran

സിൽവർ ലൈൻ നാടിന് ആപത്താണെന്നും പദ്ധതി ഉപേക്ഷിച്ചേ തീരൂ എന്നും കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐ നേതാക്കൾ പദ്ധതിക്ക് എതിരാണെങ്കിലും തുറന്ന് പറയാൻ മടിക്കുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

കെ റയിൽ ആർക്ക് വേണ്ടി? എന്ന വിഷയത്തിൽ സംസ്കാര സാഹിതി – മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാർ കെപിസിസി മുൻ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിൽവർലൈൻ സംബന്ധമായി സമഗ്രമായ പാരിസ്ഥിതിക – സാമൂഹിക- സാമ്പത്തിക പഠനങ്ങളോ സുതാര്യമായ ചർച്ചകളോ ഇതുവരെ സർക്കാർ നടത്തിയിട്ടില്ല. ഇന്നുവരെയില്ലാത്ത മുതൽ മുടക്കോടെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ധൃതി പിടിച്ച് നടപ്പിലാക്കേണ്ടതല്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. പൊതു സമൂഹത്തിനു ന്യായമായ സംശയങ്ങളും ആശങ്കകളും ഉണ്ട്. അവ ദുരീകരിക്കണമെന്നും മുഖ്യമന്ത്രി മൗനവും -ദുരഭിമാനവും വെടിഞ്ഞ് – പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

പദ്ധതി നടപ്പായാൽ 164 സ്ഥലങ്ങളിൽ ജല നിർഗമന മാർഗ്ഗം തടസ്സപ്പെടുമെന്ന സർക്കാർ ഏജൻസികളുടെ പ0നം ഗൗരവമുള്ളതാണെന്നും, 4 ലക്ഷം കോടിയിലേറെ പൊതുകടമുള്ള സംസ്ഥാനത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 2 ലക്ഷം കോടി കടം വാങ്ങി പദ്ധതി നടപ്പാക്കുന്നതിലൂടെ പിറക്കാൻ പോകുന്ന കുട്ടികളെ സർക്കാർ കടക്കെണിയിലേക്ക് എറിയുകയാണ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.