ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയം; കോണ്‍ഗ്രസുമായി യോജിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം; സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരന്‍

Jaihind News Bureau
Monday, August 3, 2020

 

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ.  പ്രമുഖ  മാസികയുമായി നടത്തിയ ദീർഘസംഭാഷണത്തിലാണ് അദ്ദേഹത്തിന്‍റെ തുറന്നുപറച്ചില്‍. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് മഹാഭാരത കഥയെ മുന്‍നിര്‍ത്തി അദ്ദേഹം വിമർശിക്കുന്നു.  ഇടതുപക്ഷം കോൺഗ്രസും മതനിരപേക്ഷ പക്ഷവുമായി യോജിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മുന്നണി സംവിധാനം രൂപപ്പെട്ട് നെഹ്റുവിന്‍റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണു ഇന്നത്തെ ആവശ്യമെന്നും മുല്ലക്കര പറഞ്ഞു.

‘അർജുനന്‍റെ പത്ത് പേരുകളിലൊന്നു വിജയൻ എന്നാണ്. അർജുനൻ കഴിഞ്ഞാൽ വിജയൻ എന്ന പേരാണു പ്രസിദ്ധം. തെക്കേ ഇന്ത്യയിൽ വലിയ തരത്തിൽ ഒട്ടേറെപ്പേർക്കു ആ പേരു വന്നത് അതുകൊണ്ടാകാം. തോൽപിക്കാൻ പറ്റാത്തവൻ എന്നർഥം. പക്ഷേ അയാൾ എല്ലാ അർഥത്തിലും പരാജയപ്പെട്ടവനാണ്. ആയുധമെടുത്ത മിക്കവാറും എല്ലാ പോരാളികളുടെയും അവസ്ഥ ഇതാണ്. യുദ്ധം ജയിച്ച അർജുനൻ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ റോളിലാണ്. അദ്ദേഹം യുധിഷ്ഠിരാനുവാദത്തോടെ രാജ്യങ്ങൾ കീഴടക്കാൻ പോകുന്നു’. വിജയൻ എന്ന പേരിനു യോഗ്യതയില്ലാത്ത വണ്ണം അയാൾ പരാജയപ്പെടുന്നതായും മുല്ലക്കര പറയുന്നു.

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ആയുധം കൊണ്ടു നേടാൻ ശ്രമിക്കുന്നത് വിജയങ്ങളല്ലെന്നും  കണ്ണുനീരും ശാപങ്ങളുമാണെന്നും അദ്ദേഹം പറയുന്നു.  ധാർമികതയും സത്യസന്ധതയും നിലനിർത്താൻ ഏറ്റവും പ്രയാസമുള്ള ഇടമാണ് അധികാരം. അധികാരത്തിനു വേണ്ടി മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്നതു നിഷ്ഫലമാണെന്നും  മുല്ലക്കര കൂട്ടിച്ചേർത്തു.