പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ നെഞ്ചുപിളര്‍ക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ചുപിളര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു ഫാസിസ്റ്റ് തകര്‍ത്തിരിക്കുന്നു. ലോകം മനുഷ്യാവകശാദിനം ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇത്തരമൊരു ബില്ല് നിയമമാക്കുന്നത് എന്നത് ചരിത്രത്തോടുള്ള ക്രൂരപരിഹാസമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല.

പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന ദിനം ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഒരു രാഷ്ട്രം ഒരു ഭരണം ഒരു മതം എന്ന ആപല്‍ക്കരമായ ലക്ഷ്യത്തിലേക്കാണ് മോദി ഭരണകൂടം കുതിക്കുന്നത്. വംശീയ വികാരം ആളിക്കത്തിക്കുന്ന നരേന്ദ്രമോദി, ഹിറ്റ്‌ലറുടെ തനിയവതാരമാണ്. ആര്യവംശത്തിന്റെ ആധിപത്യത്തെകുറിച്ചും രക്തപരിശുദ്ധിയെകുറിച്ചും വാതോരാതെ പ്രസംഗിച്ച ഹിറ്റ്‌ലറും മോദിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മതാധിഷ്ഠിത രാജ്യം നിര്‍മ്മിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണ് മുസ്ലീം മതവിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തി പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാകുന്നത്.

പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്.
വിവേചനത്തിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും കോണ്‍ഗ്രസ് പരാജയപ്പെടുത്തും. ഇസ്ലാം മതവിശ്വാസികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഹിന്ദു -മുസ്ലീം മൈത്രിക്കുവേണ്ടി ജീവന്‍ കൊടുത്ത ഗാന്ധിജിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പൗരത്വ ഭേഗഗതി ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Comments (0)
Add Comment