മുകേഷ് രാജിവെയ്ക്കണം; വീട്ടിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

 

കൊല്ലം: മീ ടൂ ആരോപണത്തിൽ കുടുങ്ങിയ എം.മുകേഷ് എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ആരോപണ വിധേയനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ മുകേഷിന്‍റെ കൊല്ലം പോളയത്തോട്ടിലെ വസതിയിലേക്ക് മാർച്ച് നടത്തി. മുകേഷിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിഷേധം കൂടുതൽ ശക്തമാക്കും. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം എംഎൽഎയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ സമരം നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. പുതിയ വിവാദങ്ങൾക്ക് പിന്നാലെ നിയമം അധികാരമുള്ളവർക്ക് വേണ്ടി എന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതോടെയാണ് മീ ടൂ ആരോപണം വീണ്ടും സജീവ ചർച്ചയായത്.

Comments (0)
Add Comment