‘ദുർബല വാദങ്ങള്‍ ഉയർത്തി പ്രതിരോധിക്കരുത്, മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണം’; സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ ബൃന്ദ കാരാട്ട്

 

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന എം. മുകേഷ് എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബൃന്ദ കാരാട്ട് ആവർത്തിച്ചു. ദുർബല വാദങ്ങളുയർത്തി പ്രതിരോധിക്കരുതെന്ന് ബൃന്ദ കാരാട്ട് പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശിച്ചു. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് വിഷയത്തില്‍ ബൃന്ദയുടെ നിലപാട്.

ലൈംഗികാതിക്രമ കേസിൽ ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് ബൃന്ദ കാരാട്ട് വ്യക്തമാക്കുന്നത്. മുൻ കാലങ്ങളിൽ സംഭവിച്ചത് ചൂണ്ടിക്കാട്ടി രാജി വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് ലേഖനത്തില്‍ വ്യക്തമാക്കി.

‘ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ’ എന്നാണ് ലേഖനത്തിന്‍റെ തലക്കെട്ട്. നിങ്ങൾ അങ്ങനെ ചെയ്തതു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തിൽ കൈക്കൊള്ളേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പ്രയോഗത്തിലൂടെ ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസർക്കാരിന്‍റെ നിലപാടിനെയും ലേഖനത്തിൽ ബൃന്ദ പ്രകീർത്തിക്കുന്നുണ്ട്.

മുകേഷിന്‍റെ രാജിക്കാര്യത്തിൽ സമാനമായ നിലപാടാണ് സിപിഐ നേതാവായ ആനി രാജയും സ്വീകരിച്ചത്. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആനി രാജയും ആവശ്യപ്പെട്ടു. കുറ്റകൃത്യത്തെ മറ്റൊന്നുകൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.

Comments (0)
Add Comment