കൊലക്കേസ് പ്രതിയെ മുന്നിൽ നിർത്തി ഡി വൈ എഫ് ഐ സമരജാഥ നടത്തുന്നതിനെ ന്യായീകരിച്ച് മുഹമ്മദ് റിയാസ്

Jaihind Webdesk
Tuesday, July 30, 2019

കൊലക്കേസ് പ്രതിയെ മുന്നിൽ നിർത്തി ഡി വൈ എഫ് ഐ സമരജാഥ നടത്തുന്നതിനെ ന്യായീകരിച്ച് അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്. കൊലക്കേസ് പ്രതിയായതുകൊണ്ട് മണികണ്ഠനെ ജാഥയിൽ നിന്നും മാറ്റി നിർത്തേണ്ട ആവശ്യമില്ലെന്ന് റിയാസ് കോഴിക്കോട് പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ യാത്രയുടെ മുൻനിരയിൽ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതി മണികണ്ഠന്‍റെ സാന്നിധ്യം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ജാഥയുടെ സ്വീകരണ യോഗത്തിൽ ജാഥാ നായകന് ഉപഹാരം നൽകിയതും പ്രതിയായ മണികണ്ഠനായിരുന്നു. എന്നാൽ കൊലക്കേസ് പ്രതി ജാഥയുടെ മുൻ നിരയിൽ പങ്കെടുത്തതിലും, യാത്രയെ സ്വീകരിച്ചതിലും യാതൊരു തെറ്റുമില്ലെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാടെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് പറഞ്ഞു. കൊലക്കേസിലെ പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന കോടിയേരിയുടെ പ്രസ്താവന നിലനിൽക്കെയാണ് പ്രതിക്ക് വീരപരിവേഷം നൽകി യാത്രക്കൊപ്പം കൂട്ടിയ സംഭവത്തിൽ
ഡിവൈഎഫ്ഐയുടെ ന്യായീകരണം.

പെരിയ കല്യട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലാണ് മണികണ്ഠൻ. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതും പ്രതികളെ സംരക്ഷിച്ചതും മണികണ്ഠനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊട്ടിയത്ത്, പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികളെ മോചിപ്പിച്ച ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ തളിപ്പറയാനും
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി. തയ്യാറായില്ല.