സ്വർണ്ണക്കടത്തില്‍ പ്രതിരോധത്തിലായി സി.പി.ഐയും ; എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദലി ഇബ്രാഹിം സി.പി.ഐ നേതാവ് : എല്‍ദോ ഏബ്രഹാം എം.എല്‍.എയുടെ സന്തതസഹചാരി, ചിത്രങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന്

തീവ്രവാദ ബന്ധം ആരോപിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ നിർണ്ണായക അറസ്റ്റ്. മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അലിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം മുവാറ്റുപുഴയിലെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലി ഇബ്രാഹിമിനെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. മുഹമ്മദലി ഇബ്രാഹിമും മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമും ഒരുമിച്ചുള്ള ചിത്രങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സ്വർണ്ണക്കള്ളക്കടത്തിൽ  എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദലി ഇബ്രാഹിം സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയംഗവുമാണ്. മൂവാറ്റുപുഴ എം.എൽ.എ എൽദോ ഏബ്രഹാമിന്‍റെ സന്തത സഹചാരി കൂടിയാണ് ഇയാൾ. ഇതോടെ കേസിൽ സി.പി.എമ്മിനോടൊപ്പം സി.പി.ഐ കൂടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇയാൾക്കെതിരെ സി പി.ഐ നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയണം.

കേസിൽ നിലവിൽ അറസ്റ്റിലായവരില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ടെന്നും പലരും പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരാണെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ആറ് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും കേസില്‍ ഇതുവരെ പത്ത് പേര്‍ കസ്റ്റഡിയിലുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം വേങ്ങര സ്വദേശി സയ്യീദ് അലവി എന്നിവരെ ജൂലൈ 30 ന് പിടികൂടിയതായി എന്‍.ഐ.എ അറിയിച്ചു. സ്വര്‍ണക്കടത്തിന്‍റെ മുഖ്യആസൂത്രകനായ കെ.ടി റമീസുമായി ചേര്‍ന്ന് നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ വ്യക്തിയാണ് മുഹമ്മദലി എന്ന് എന്‍.ഐ.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ 31 ന് മറ്റ് രണ്ടുപേരെ കൂടി എന്‍.ഐ.എ പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അബ്ദു പി.ടി, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് സ്വര്‍ണ്ണക്കടത്തിലെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെ എന്‍.ഐ.എ ആഗസ്റ്റ് ഒന്നിന് പിടികൂടി. സ്വര്‍ണ്ണക്കടത്തിനായി കെ.ടി റമീസിനേയും ജലാലിനേയും സഹായിച്ചുവെന്ന് വ്യക്തമായതോടെയാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തത് ഇവരാണെന്ന് എന്‍.ഐ.എ കണ്ടെത്തി. ഇവരില്‍ മുഹമ്മദ് അലി എന്നയാള്‍ കൈവെട്ട് കേസിലെ പ്രതികളില്‍ ഒരാളായിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെവിട്ടു.

പ്രതികളായ ജലാല്‍, റാബിന്‍സ് അഹമ്മദ്, കെടി റമീസ്, മൊഹമ്മദ് ഷാഫി, സെയ്ദ്ദ് അലവി, പിടി അബ്ദു എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയ എൻ.ഐ.എ സംഘം ഇവിടെ നിന്നും രണ്ട് ഹാര്‍ഡ് ഡിസ്ക്കുകള്‍, ഒരു കമ്പ്യൂട്ടര്‍, എട്ട് മൊബൈല്‍ ഫോണുകള്‍, ആറ് സിം കാര്‍ഡുകള്‍, ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, അഞ്ച് ഡിവിഡികള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ ബാങ്ക് രേഖകളും തിരിച്ചറിയല്‍ രേഖകളും എന്‍.ഐ.എ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി എന്‍.ഐ.എ വ്യക്തമാക്കി.

Comments (0)
Add Comment