നവോത്ഥാന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ബന്ധമില്ല: മുല്ലപ്പള്ളി

പയ്യന്നൂര്‍: നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം പരിഹാസ്യമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
1928ലെ പയ്യന്നൂര്‍ കോണ്‍ഗ്രസ്സ് സമ്മേളനം തൊണ്ണൂറാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത് ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടായിരുന്നു. ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് യാതൊരു പങ്കുമില്ല. ചരിത്രം മറച്ചുവെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് ഏതറ്റം വരെയും പോകും. ഒരു നിരീശ്വരവാദിയായിട്ടു പോലും മഹാനായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് വിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നാണ്. നെഹറുവിന്റെ ഈ നയത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറല്ല. ജനങ്ങളെ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും ഇത് ഭരണപരാജയത്തിന് മറപിടിക്കാനുമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഇന്ന് ഇന്ത്യ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെയും ദീര്‍ഘവീക്ഷണമാണ്.  എന്നാല്‍ ഈ നേട്ടങ്ങളെല്ലാം തകര്‍ക്കുകയാണ് നാലരവര്‍ഷം കൊണ്ട് മോദി ചെയ്തത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ പാടേ തകര്‍ത്തു. പാര്‍ലമെന്റിനെയും മോദി നോക്കുകുത്തിയാക്കി. സര്‍ക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാനാകാതെ, പാര്‍ലമെന്റില്‍ പോലും വരാതെ മോദി ഒളിച്ചോടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം വിറ്റുതുലച്ചു. ഫാസിസം പത്തി വിടര്‍ത്തി ആടുമ്പോള്‍ അതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം.സുരേഷ് ബാബു, സുമാ ബാലകൃഷ്ണന്‍, കെ.സി.ജോസഫ് എം.എല്‍.എ, കെ.എല്‍ പൗലോസ്, ജി.രതികുമാര്‍, സതീശന്‍ പാച്ചേനി, ഹക്കിം കുന്നില്‍, കെ.സുരേന്ദ്രന്‍, പ്രൊഫ: എ.ഡി. മുസ്തഫ, എം.നാരായണന്‍കുട്ടി, എ.പി ഉണ്ണികൃഷ്ണന്‍, എം.പി.മുരളി എന്നിവര്‍ പ്രസംഗിച്ചു.

mullappallymullappally ramachandran
Comments (0)
Add Comment