പിണറായി വിജയന്‍ ഉദുമയില്‍ കെ.ജി മാരാരുടെ ചീഫ് ഏജന്‍റായിരുന്നു ; സി.പി.എം-ബി.ജെ.പി ബന്ധം ശരിവെച്ച് എം.ടി രമേശ്

 

കോഴിക്കോട്: സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി രഹസ്യധാരണ ശരിവെച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. 15 വര്‍ഷം മുന്‍പ് സി.പി.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നു. ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജന്റെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തില്‍ സി.പി.എം – ബി.ജെ.പി കൂട്ടുക്കെട്ടാണെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് എം.ടി രമേശിന്‍റെ പ്രതികരണം.

ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഞ്ചേശ്വരത്തിന് പുറമെ കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍.ബാലശങ്കര്‍ ചോദിച്ചിരുന്നു. നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment