‘അധികാരത്തിന്‍റെ സുഖശീതളിമയില്‍ നേതൃത്വത്തിന് ധാർമ്മികബോധം നഷ്ടപ്പെട്ടു’; സുരേന്ദ്രനെതിരെ എംടി രമേശ്

Jaihind Webdesk
Saturday, September 25, 2021

ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ പരസ്യമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്‍റെ ഒളിയമ്പ്. സംസ്ഥാന നേതൃത്തെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെ പാർട്ടിയിലെ ഭിന്നത വ്യക്തമായി.

അധികാരത്തിന്‍റെ സുഖത്തില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മിക ബോധം മറക്കുന്നുവെന്നായിരുന്നു എം.ടി രമേശിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.  കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്ന മറുപടിയുമായി കെ സുരേന്ദ്രന്‍ രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷമായിരിക്കുകയാണ്.

തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൌതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ നോക്കാതെ പ്രവര്‍ത്തിച്ച ദീനദയാലിന്‍റെ മാതൃക നേതൃത്വം മറന്നുപോകുന്നുവെന്നും  അധികാരത്തിന്‍റെ സുഖ ശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നു പോകുന്ന ധാര്‍മിക ബോധം തിരിച്ചുപിടിക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് കഴിയുമെന്നും എം.ടി രമേശ് കുറിച്ചു. അധികാര സ്ഥാനം ലഭിക്കാത്തവരാണ് കേരളത്തില്‍ ഭൂരിഭാഗം പ്രവര്‍ത്തകരുമെന്നായിരുന്നു ഇതിന് കെ സുരേന്ദ്രന്‍റെ മറുപടി.  സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങള്‍ ഒരു വിഭാഗം ശക്തിപ്പെടുത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.