പാര്‍ലമെന്‍റിനകത്ത് വസ്ത്രം വലിച്ചു കീറി, കയ്യില്‍ കറുത്ത തുണി ചുറ്റി പിഡിപി എംപിയുടെ പ്രതിഷേധം; പ്രതിഷേധക്കാരെ സഭയില്‍ നിന്നു പുറത്താക്കി സ്പീക്കര്‍

Jaihind Webdesk
Monday, August 5, 2019

ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് വസ്ത്രങ്ങള്‍ പറിച്ചുകീറി പി.ഡി.പി. എം.പി.

പി.ഡി.പി എം.പി ഫയാസാണ് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചുകീറി പ്രതിഷേധിച്ചത്. അമിത് ഷാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി.

അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യസഭയ്ക്കുളളില്‍ നിന്നും കറുത്ത തുണി കയ്യില്‍ ചുറ്റിയിറങ്ങി പി.ഡി.പി. എം.പി ഫയാദ് അഹമ്മദ് മിര്‍. തന്‍റെ വസ്ത്രം വലിച്ചുകീറിയ ശേഷമായിരുന്നു ഇദ്ദേഹം കയ്യില്‍ കറുത്ത തുണി ചുറ്റിയത്.

കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്തതിലൂടെ കശ്മീരിലെ ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഫയാദ് അഹമ്മദ് പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും എം.പി പറഞ്ഞു.

ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാനും പി.ഡി.പി എം.പിമാര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യാ നായിഡു സഭയില്‍ നിന്ന് പുറത്താക്കി. ഫയാസിനു പുറമേ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു. ഇതിനിടെയാണ് പി.ഡി.പി. എം.പി ഫയാദ് അഹമ്മദ് മിര്‍ വസ്ത്രം വലിച്ചുകീറിയതും കയ്യില്‍ കറുത്ത തുണി ചുറ്റി പ്രതിഷേധം അറിയിച്ചതും.