ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല മറിച്ച് പിണറായിക്കാണെന്ന് ഷാഫി പറമ്പില്‍ എംപി. സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയുമായി ഡീൽ ഉണ്ടോ എന്ന് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാറുകാരും സ്വർണ്ണക്കടത്തുകാരുമായുള്ള ബന്ധം മറച്ചു വെക്കാൻ ശ്രമം നടക്കുന്നുണ്ട്. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
ഓരോ മണിക്കൂറിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. എന്നിട്ടും അജിത് കുമാറിനെയും സുജിത്ത് ദാസിനെയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു. അരമന രഹസ്യം പുറത്താകും എന്ന പേടിയിലാണ് ഇവര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും ഷാഫി പരിഹസിച്ചു.
മറയ്ക്കാന്‍ ഒരുപാട് ഉള്ളതുകൊണ്ടും അരമന രഹസ്യങ്ങള്‍ അറിയാവുന്ന ആളുകള്‍ ആയതുകൊണ്ടുമാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ സംരക്ഷിക്കുന്നത്. തൃശൂരിലെ പൂരം കലക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതുള്‍പ്പടെയുള്ള ആളായ അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായിട്ട് പോലും മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിക്കുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.