കോണ്‍ഗ്രസ് വാക്ക് പാലിക്കുന്നു; മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി; വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കി കമല്‍നാഥ്

Jaihind Webdesk
Sunday, June 9, 2019

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കപ്പെടുന്നു. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളിയതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്നു. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ജിതു പത്വാരിയാണ് ഇക്കാര്യം അറിയിച്ചത്.
2018 തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നവയില്‍ ഒന്നുകൂടി പാലിക്കപ്പെടുകയാണ്. 2019-20 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 1250 സര്‍ക്കാര്‍ – സ്വകാര്യ കോളേജുകളില്‍ ബിരുദാനന്തര ബിരുദത്തിന് സൗജന്യമായി പ്രവേശനം നല്‍കും. ദേവി അഹല്യ ബായ് ഹോല്‍കര്‍ സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുക.

‘പ്രവേശനം മുതല്‍ പരീക്ഷാ ഫീസ് വരെ എല്ലാം പെണ്‍കുട്ടികള്‍ സൗജന്യമായിരിക്കും’ ജിതു പത്വാരി പറഞ്ഞു.
അണ്‍കുട്ടികള്‍ക്കുള്ള കോളേജ് രജിസ്‌ട്രേഷന്‍ ഫീസും 500 ല്‍ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്.
2000 രൂപവരെയുള്ള പുസ്തകങ്ങളും പിന്നാക്കസമുദായ, ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കും. ഇപ്പോള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമാണ് ഈ സൗജന്യം ലഭിച്ചുവരുന്നത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ഊര്‍ജ്ജം നല്‍കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.