ബെനറ്റ് എബ്രഹാം പ്രതിയായ അഡ്മിഷൻ കോഴ കേസ് അട്ടിമറിക്കാൻ നീക്കം; പ്രതികൾക്ക് സംരക്ഷണം ഒരുക്കി ഉന്നത സിപിഎം നേതാക്കള്‍

Jaihind News Bureau
Sunday, November 8, 2020

 

തിരുവനന്തപുരം:  ലോക്സഭാ സീറ്റിനായി സി.പി ഐ നേതാക്കൾക്ക് കോഴ നൽകിയെന്ന ആരോപണം നേരിട്ട ഡോ.ബെനറ്റ് എബ്രഹാം പ്രതിയായ അഡ്മിഷൻ കോഴ കേസ് അട്ടിമറിക്കാൻ നീക്കം. കാരക്കോണം മെഡിക്കൽ കോളേജിലെ എംബിബിഎസ്, എംഡി പ്രവേശനത്തിന് കോഴ വാങ്ങിയ കേസിൽ ഇപ്പോൾ നടക്കുന്ന ക്രൈബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഉന്നത സിപിഎം നേതാക്കളാണ് ബെന്നറ്റ് എബ്രഹാം ഉൾപ്പെടെയുള്ള പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നതെന്നാണ് ആരോപണം.

പിണറായി സർക്കാരിന് കീഴിൽ ക്രൈബ്രാഞ്ചും വിജിലൻസും രാഷ്ട്രീയ കളിപ്പാവകളാണ് എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് കാരക്കോണം കോഴ കേസിലെ വീഴ്ചകൾ. എംബിബിഎസ്, എംഡി പ്രവേശനത്തിന് പത്തുലക്ഷം മുതൽ 60 ലക്ഷം രൂപ വരെ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ചെയർമാൻ ബിഷപ്പ് എ. ധർമ്മരാജ് റസാലം, ഡയറക്ടറായിരുന്ന ഡോ. ബെനറ്റ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.തങ്കരാജ് എന്നിവർക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

9 പേരിൽ നിന്നായി 7 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസെടുക്കാൻ പ്രവേശനത്തിന് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയും ഒരു വർഷം മുമ്പ് സർക്കാരിന് ശുപാർശ നൽകിയിരുന്നു. തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികളും ബന്ധുക്കളും പരാതി നൽകിയിട്ടും ഹൈക്കോടതി കോടതി വിധി വന്ന ശേഷം മാത്രമാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ ഇതുവരെയും ബെനറ്റ് എബ്രഹാമിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. വൻസ്രാവുകൾക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്ന് ഒരു ഘട്ടത്തിൽ ചോദിച്ച കോടതി പ്രധാന പ്രതികൾക്കെതിരെ അന്വേഷണമില്ലാത്തത് ആശ്ചര്യപ്പെടുത്തുവെന്ന് പോലും പറഞ്ഞിരുന്നു.

കൊവിഡായതിനാൽ അറസ്റ്റ് വേണ്ട അന്വേഷണം മതിയെന്നാണ് സെപ്റ്റംബർ 30 ന് കോടതിയിൽ ക്രൈബ്രാഞ്ച് വ്യക്തമാക്കിയത്. കൊവിഡിനെ മറയാക്കി പ്രതികൾക്ക് സംരക്ഷണ വലയം തീർക്കാനാണ് ഇപ്പോൾ അന്വേഷണ സംഘം ശ്രമിക്കുന്നത്. മെഡിക്കൽ സീറ്റിന് കോഴ വാങ്ങിയത് സംബന്ധിച്ച് 24 പരാതികളാണ് രാജേന്ദ്രബാബു കമ്മീഷന് ലഭിച്ചത്. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കബളിക്കപ്പെട്ടത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്നതിനായി സിപിഐ നേതാക്കൾക്ക് കോഴ നൽകിയെന്ന ആരോപണം നേരിട്ട ആളാണ് ബെനറ്റ് എബ്രഹാം. സിപിഎം ഉന്നതരാണ് ബെനറ്റ് എബ്രഹാമിനും കൂട്ടാളികൾക്കും സംരക്ഷണം ഒരുക്കുന്നതെന്ന ആരോപണവും ശക്തമാണ്.

എംഎൽഎമാരടക്കമുള്ള പ്രമുഖ സിപിഎം നേതാക്കളുടെ മക്കൾ കാരക്കോണം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്. പ്രവേശനത്തിനായി വ്യാജ സമുദായ സർട്ടിഫിക്കറ്റ് നൽകി എന്ന ആരോപണത്തിൽ ഒരു സിപിഎം എംഎൽഎയുടെ മകൾ നേരത്തെ നടപടി നേരിട്ടിരുന്നു.