അന്വേഷണം ഉന്നതരില്‍ എത്തുന്നത് തടയാന്‍ നീക്കം ; സർക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍

Jaihind News Bureau
Tuesday, March 23, 2021

Kerala-High-Court

 

കൊച്ചി : സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി എന്‍ഫോഴ്സ്മെന്‍റ് . ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇഡി ഹർജി നൽകിയിട്ടുള്ളത്. ഇഡി അന്വേഷണം ഉന്നതരിൽ എത്തുന്നത് തടയാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും ഹർജിയിൽ പറയുന്നു.

എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈം ബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നും ഇഡി ഹർജിയിൽ ആവശ്യപ്പെടുന്നു. ക്രൈംബ്രാഞ്ചിനെ കുരുക്കുന്നതാണ് ഇഡിയുടെ പുതിയ നീക്കം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.