തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാന്‍ നീക്കം. ഇനി അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്ന വിദഗ്ധസമിതി നിർദേശത്തിന്‍റെ ചുവടുപിടിച്ചാണ് ക്ലിഫ് ഹൗസ് പൊളിച്ച് പുതിയ മന്ദിരം നിർമ്മിക്കാന്‍ ആലോചിക്കുന്നത്. ക്ലിഫ് ഹൗസിനോടനുബന്ധിച്ച നിർമ്മാണ-നവീകരണ പ്രവർത്തനങ്ങള്‍ക്കായി പിണറായി സർക്കാർ കോടികള്‍ വാരിക്കോരി ചെലവഴിക്കുന്നത് ഇതിനോടകം വിവാദമായിട്ടുണ്ട്. ഇതിനു പിന്നാലെയാണിപ്പോള്‍ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിലുള്ള ക്ലിഫ് ഹൗസ് പൊളിച്ച് കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള മന്ദിരം പണിയാനുള്ള നീക്കം. ഇതിന്‍റെ കരാറും പതിവുപോലെ ഊരാളുങ്കലിനു തന്നെയാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
കാലപ്പഴക്കം കൊണ്ട് നിലവിലെ കെട്ടിടം ദുർബലാവസ്ഥയിലാണെന്നാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. 81 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. മുഖ്യമന്ത്രി ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമാണ് പൊതു വിലയിരുത്തല്‍. സംസ്ഥാന നഗരാസൂത്രണ വകുപ്പിന്‍റെ വെബ്സൈറ്റിൽ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിലുള്ളതാണ് ക്ലിഫ് ഹൗസ്. 15,000 ചതുരശ്രഅടിയാണ് വീടിന്‍റെ വിസ്തീർണം. 7 ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഇവിടെയുണ്ട്. എന്തായാലും നിലവിലെ കെട്ടിടം പൊളിച്ചുപണിയാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുമെന്നു തന്നെയാണ് സൂചന. അങ്ങനെയെങ്കില്‍ ഇതിന്‍റെയും നിർമ്മാണച്ചുമതല ഊരാളുങ്കലിന് തന്നെയാകാനാണ് സാധ്യത.
സാമ്പത്തികസ്ഥിതി ഏറ്റവും മോശമാണെന്ന് പറയുമ്പോഴും ധൂർത്ത് ഒഴിവാക്കാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് മാത്രം ഉയർന്ന വിവാദങ്ങള്‍ ഏറെയാണ്. നീന്തല്‍ക്കുള നവീകരണം, ചുറ്റുമതില്‍, കേവലം രണ്ടുനില മാത്രമുള്ള വീട്ടിലെ ലിഫ്റ്റ്, കാലിത്തൊഴുത്ത് ഏറ്റവുമൊടുവില്‍ 3.72 ലക്ഷം രൂപയ്ക്ക് ടെണ്ടർ വിളിച്ച ചാണകക്കുഴി വരെ വിവാദങ്ങളില്‍ നിറഞ്ഞു. ഇത്തരം നവീകരണങ്ങളുമായി ബന്ധപ്പെട്ട് കോടികളാണ് സർക്കാർ ചെലവഴിച്ചത്. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ പോലും കിട്ടാതെ ജനം പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് തികഞ്ഞ ആർഭാട ജീവിതം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.