കാലടി സർവകലാശാലയില്‍ ഇടതുസംഘടനാ നേതാവിനെ നിയമിക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നീക്കം ; വിവാദം

Jaihind News Bureau
Monday, February 15, 2021

 

കൊച്ചി : കാലടി സർവകലാശാലയില്‍ വീണ്ടും അനധികൃനിയമനത്തിന് നീക്കം. ലൈബ്രറി റഫറന്‍സ് അസിസ്റ്റന്‍റായി വിരമിക്കുന്ന ഇടതുസംഘടനാ നേതാവിനെ നിയമിക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള നീക്കമാണ് പുറത്തായത്.  സിപിഎം നേതാവ് എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിനു പിന്നാലെയാണ് പുതിയ നിയമനത്തിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

നിലവിലുള്ള സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തിക ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കാനാണ് 2018ല്‍ നീക്കം തുടങ്ങിയത്. ഡയറക്ടര്‍ ഓഫ് പബ്ലിക്കേഷന്‍സ് എന്ന പേരും തസ്തികയ്ക്ക് നല്‍കി. ഏപ്രില്‍ മാസം വിരമിക്കേണ്ട നേതാവിനു വേണ്ടിയായിരുന്നു ഇത്. പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായും ഗവര്‍ണറുമായും സര്‍വകലാശാല നിരവധി തവണ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകളും പുറത്തുവന്നു.

സർവകലാശാലയില്‍ സിപിഎം സഹയാത്രികയ്ക്ക് ജോലി നല്‍കാനായി പാർട്ടി ശുപാർശ നല്‍കിയ കത്തും നേരത്തെ പുറത്തുവന്നിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരി മുസ്‌ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗാർത്ഥിയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സി.പി.എം പറവൂർ ഏരിയാ കമ്മിറ്റിയുടെ ശുപാർശ കത്ത് പുറത്താതായത്.

2019 സെപ്റ്റംബർ 22 ന് പറവൂർ ഏരിയ സെക്രട്ടറി ടി.ആർ ബോസ് എറണാകുളം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് വിവാദമായിരിക്കുന്നത്. സി.പി.എം പറവൂർ ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത് എഴുതിയിട്ടുള്ളത്. സി.പി.എം സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത്. പറവൂർ പട്ടണത്തിലെ പാർട്ടി സഹയാത്രികയാണ് സംഗീത തിരുവാൾ എന്ന് ഏരിയാ സെക്രട്ടറി കത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇന്‍റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്തുകൊടുക്കണം എന്ന് ഏരിയാ സെക്രട്ടറി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിക്ക് കൈമാറിയ കത്തിൽ ആവശ്യപ്പെടുന്നു. തുടർന്ന് ജില്ലാ സെക്രട്ടറി സർവകലാശാല അധികൃതർക്ക് നിയമനകാര്യത്തിൽ ശുപാർശ നൽകുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.

എന്തായാലും ധീവര സമുദായ സംവരണത്തിൽ മലയാളം അസിസ്റ്റന്‍റ് പ്രൊഫസറായി സം​ഗീതയ്ക്ക് ജോലി ലഭിച്ചിട്ടുണ്ട്. നിനിത കണിച്ചേരിക്കൊപ്പം സംഗീതയും ജോലിയിൽ പ്രവേശിച്ചെന്ന് കാലടി സർവകലാശാല മലയാളം വിഭാഗം മേധാവി പ്രതികരിച്ചു. കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും മലയാളം വിഭാഗം മേധാവി പറയുന്നു. എന്തായാലും 5 വർഷത്തിനിടെ കാലടി സർവകലാശാലയിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.