ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ നീക്കം

Jaihind Webdesk
Saturday, June 22, 2019

Bineesh-Kodiyeri-Peedanam

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ നീക്കം. ബിനോയിക്ക് എതിരെ പരാതി നൽകിയ യുവതിക്ക് പത്ത് കോടി രുപ വാഗ്ദാനം ചെയ്തതായാണ് സൂചന.കൊടിയേരി ബാലകൃഷ്ണനുമായി വളരെ അടുപ്പമുള്ള സി.പി.എം നേതാക്കൾ മുംബൈയിലെ ഒരു വ്യവസായിയെ മുൻനിർത്തിയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നത്. വിലപേശൽ തന്ത്രവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടതായാണ് വിവരം… ജയ്ഹിന്ദ് ബ്രേക്കിംഗ്.

വിവാഹ വാഗ്ദാനം നൽകി ബിനോയ് കൊടിയേരി തന്നെ പീഡിപ്പിച്ചു എന്ന ബീഹാർ സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തൽ സി.പി.എം നേതൃത്വത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓരോ ദിവസവും പുറത്ത് വരുന്ന തെളിവുകളാകട്ടെ ബിനോയ് കൊടിയേരിക്ക് എതിരും.കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതയും വിരളം. ഈ സാഹചര്യത്തിലാണ് കേസ് ഏത് വിധേനെയും ഒത്ത് തീർപ്പാക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നത്. കോടിയേരി ബാലകൃഷ്ണനുമായി വളരെ അടുപ്പമുള്ള ഏതാനും സി.പി.എം നേതാക്കളാണ് ഒത്തു തീർപ്പ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മുംബൈയിലെ ഒരു പ്രമുഖ വ്യവസായിയാണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നത്.
കേസ് പിൻവലിക്കാൻ പത്ത് കോടി രൂപയാണ് യുവതിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഭിഭാഷകൻ മുഖേനെയാണ് ഇടനിലക്കാരനായ വ്യവസായി ഈ വിവരം യുവതിയെ അറിയിച്ചത്.എന്നാൽ പരാതിക്കാരിയായ യുവതി കടുതൽ തുക ആവശ്യപ്പട്ടു എന്നാണ് വിവരം. എന്തായാലും ഒത്തുതീർപ്പ് ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

വിലപേശൽ തന്ത്രവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇപ്പോൾ ബി.ജെ.പി ആണ് ഭരിക്കുന്നത് എന്നതാണ് അവരുടെ തുറുപ്പ് ചീട്ട്.മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് കേസ് ഒതുക്കി തീർക്കാൻ സഹായിക്കാം എന്നാണ് ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം. ഇതിത് പകരമായി ശബരിമല പ്രക്ഷോഭത്തിലടക്കം ബി.ജെപി നേതാക്കൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നതാണ് അവരുടെ ആവശ്യം. ഇതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെപി എ ക്ലാസ് മണ്ഡലങ്ങൾ എന്ന് കരുതുന്ന രണ്ട് ഇടത്ത് സി.പി.എമ്മിന്‍റെ സഹായവും അവർ പ്രതീക്ഷിക്കുന്നു. എന്തായാലും പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നത് വരെ ഒളിവിൽ കഴിയാനാണ് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർ ബിനോയ് കൊടിയേരിക്ക് നൽകിയിരിക്കുന്ന നിർദേശം.

നേരത്തെ ബിനോയ് കൊടിയേരിക്കെതിരെ പതിമൂന്ന് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഉണ്ടായപ്പോൾ ഒറ്റ രാത്രി കൊണ്ടാണ് അത് ഒത്ത് തീർപ്പാക്കിയത്. അതിന് ആര് തുക നൽകി എന്നതടക്കമുളള കാര്യങ്ങൾ ഇന്നും ദുരൂഹമാണ്. സമാനമായ രീതിയിൽ ഇപ്പോഴത്തെ ലൈംഗിക പീഡന കേസും ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്

See Also : ബിനോയ് കോടിയേരി ഒളിവിൽ; മുംബൈ പൊലീസ് തെരച്ചിൽ തുടരുന്നു