18 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്; ജി.പി.എസ് നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം

Jaihind Webdesk
Wednesday, June 12, 2019

തൃശൂർ: ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി. ഇന്ന് തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജി.പി.എസ് മെയ് ഒന്ന് മുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ തുടക്കമായതിനാല്‍ വാഹനപരിശോധനയില്‍ ജി.പി.എസ് സംബന്ധിച്ച ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി വേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. വാഹന ഉടമകളുടെ പരാതികൾ കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

ഇപ്പോള്‍ ജി.പി.എസ് കര്‍ശനമാക്കാനുള്ള നീക്കത്തിനെതിരെയാണ് മോട്ടോര്‍ വാഹന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജി.പി.എസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയാണെന്ന് തൃശൂരില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമര സമിതി നേതാക്കൾ വ്യക്തമാക്കി.