മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധന ഇന്ന് മുതൽ പുനരാരംഭിക്കും; ഉന്നതതല യോഗം ശനിയാഴ്ച

മോട്ടോർ വാഹന വകുപ്പിന്‍റെ വാഹന പരിശോധന ഇന്ന് മുതൽ പുനരാരംഭിക്കും. പരിശോധനയിൽ ഉയർന്ന പിഴ ഈടാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു . അതേ സമയം നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉന്നതതല യോഗം ചേരും.

ഓണക്കാലം പ്രമാണിച്ച് വാഹന പരിശോധന നിര്‍ത്തിവച്ചിരുന്നു. ഇതോടെ ലംഘനങ്ങളും കൂടി. വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചര്‍ച്ച നടത്തിയാണ് തീരുമാനം കൈകൊണ്ടത്. വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കി.

എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണക്കാലത്ത് പിഴ കൂടി വലിയ തുക അടക്കേണ്ടി വന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമായിരുന്നു. മോശം റോഡുകളിൽ വണ്ട് ഓടിക്കുന്നവന്‍റെ അവസ്ഥ മനസ്സിലാക്കി ആദ്യം റോഡിലെ കുണ്ടും കുഴിയും ഒക്കെ നേരെയാക്കിയിട്ട പോരെ ഇത്രയും വലിയ പിഴ എന്ന ചോദ്യം പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിന് പുറമെ പിഴ കോടതിയിൽ അടച്ചോളാം എന്ന നിലപാടിലേക്ക് പൊതുജനം മാറുകയും ചെയ്തതോടെ പല സ്ഥലങ്ങളിലും പൊലീസും പൊതുജനവും തമ്മിൽ വാക്കേറ്റം പതിവ് കാഴ്ചയായിരുന്നു.

കനത്ത പിഴ ഈടാക്കുന്നത് അശാസ്ത്രീയമാണ് എന്നും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടുമാണ് സംസ്ഥാനത്ത് കോൺഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സ്വീകരിച്ചത്.

അതേസമയം നിയമം ഭേതഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ഏര്‍പ്പെടുത്തിയ കനത്ത പിഴത്തുക കേരളത്തില്‍ ഇടാക്കില്ല. പകരം കേസുകള്‍ കോടതിക്ക് കൈമാറും. കൂടാതെ ട്രാഫിക് നിയമ ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. കേന്ദ്രം നിയമം ഭേതഗതി ചെയ്ത ശേഷം പരിശോധന ശക്തമാക്കാം എന്ന നിലപാടിലായിരുന്നു കേരളം.

https://youtu.be/WtmU3Zixzmk

Motor Vehicle
Comments (0)
Add Comment