ഓണംകഴിഞ്ഞു, വാഹനപരിശോധന വീണ്ടും കര്‍ശനമാക്കും

Jaihind Webdesk
Wednesday, September 18, 2019

ഓണക്കാലത്തേക്ക് നിർത്തി വച്ച മോട്ടോർ വാഹനങ്ങളുടെ പരിശോധന നാളെ മുതൽ വീണ്ടും കർശനമാക്കും. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത് അതേ സമയംനിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും. മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത് എന്നാൽ ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

മോട്ടോർ വാഹനനിയമ പ്രകാരം നിയമലംഘനങ്ങൾക്ക് പിഴ ഉയർത്തിയിരുന്നു. എന്നാൽ പരിശോധനകൾ ബോധവത്കരണത്തിന് മാത്രമായി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ നിയമലംഘനം വ്യാപകമായി നടക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കർശനമാക്കാൻ നിർദേശം നൽകിയത്. മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.