ഭർതൃമാതാവിനെ മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 

കൊല്ലം: ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ  മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മർദ്ദനത്തിൽ എണ്‍പതുകാരിയായ ഏലിയാമ്മ വർഗീസിന്‍റെ കൈകാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നില്‍വെച്ചാണ് ഇവർ അമ്മയെ മർദ്ദിച്ചത്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജുമോളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഇവരുടെ മർദ്ദനം സഹിച്ചാണ് അമ്മ ഇവിടെ കഴിഞ്ഞിരുന്നത്. ഭർത്താവിനെയും ഇവർ ഉപദ്രവിക്കാറുണ്ടെന്നാണ് വിവരം.

മുടിക്ക് കുത്തിപ്പിടിച്ച് തലയ്ക്ക് ഇടിക്കുകയും കാലു മടക്കി അടിവയറ്റിൽ ചവിട്ടിയെന്നും മറിയാമ്മ തോമസ് നൽകിയ പരാതിയിൽ പറയുന്നു. കയ്യിൽ ഷൂസിട്ട് ചവിട്ടിയെന്നും പരാതിയിലുണ്ട്. ഈ മുറിവുകളുമായി ഇവർ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മുതിർന്ന പൗരൻമാർക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Comments (0)
Add Comment