ഒന്നരവയസ്സുകാരനെ മർദിച്ച സംഭവം; അമ്മയും ആൺസുഹൃത്തും പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച സംഭവത്തില്‍ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിൽ പോയിരുന്നു.

പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് സുഹൃത്തായ കൃഷ്ണ കുമാർ കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ദേഹമാസകലം മർദ്ദനമേറ്റ  കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് അച്ഛന്‍റെ വീട്ടിലെത്തിച്ചു. കുട്ടിയുടെ കരച്ചിലും കൈയിൽ നീര് വെക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ രാത്രിയിൽ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് പരിശോധനയില്‍ ശരീരത്തിൽ ചൂരല് കൊണ്ട് അടിയേറ്റ പാടുകളും ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയും കുട്ടിയെ വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Comments (0)
Add Comment