ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നടപടികൾ രാഷ്ട്രീയ കൊടിയുടെ നിറം നോക്കി; കെ. സുധാകരൻ എംപി

 

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കുറ്റവാളികളിൽ ഏറെയും സിപിഐഎം ബന്ധമുള്ളവരെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും സമാന ആരോപണം നേരിട്ടയാൾ. ആരോപണ ഉയർന്നവരുടെ മുഖം നോക്കിയാണ് നടപടിയെടുക്കുന്നത്. യഥാർത്ഥ പ്രതികളിലേക്ക് എത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കുക, കുറ്റക്കാർക്കെതിരെ കേസ് എടുക്കുക, സർക്കാരിന്‍റെ സ്ത്രീവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്‍റ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഈ സർക്കാരിൽ നിന്ന് ഇതിന് അപ്പുറത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രിയത്തിന്‍റെ കൊടിയുടെ നിറം നോക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടി എടുക്കാതിരുന്നതെന്നും  കെ. സുധാകരൻ എംപി കുറ്റപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട് സിപിഎമ്മിനെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂർ പരിശോധന നടത്തി. കുറ്റവാളികളിൽ ഏറെയും സിപിഐഎം ബന്ധമുള്ളവരാണെന്നും കെ.സുധാകരൻ എംപി പറഞ്ഞു.  മറച്ചു വെച്ചിരിക്കുന്ന പേജുകളിൽ ഒരുപാട് വിവരങ്ങളുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് എത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് അധ്യക്ഷനായ ചടങ്ങിൽ വിവിധ കെപിസിസി നേതാക്കളും, ഡിസിസി നേതാക്കളും, പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.

Comments (0)
Add Comment