കൊല്ലം ജില്ലയില്‍ നാല് കോടിയിലേറെ രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Wednesday, November 20, 2019

Kodikkunnil-Suresh

പി.എം.ജെ.വി.കെ പദ്ധതി പ്രകാരം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കൊല്ലം ജില്ലയില്‍ നാല് കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ ഒരു പദ്ധതിയും വെട്ടിക്കവല വികസന ബ്ലോക്കില്‍ വരുന്ന ആറ് പദ്ധതികളുമാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ    പരിഗണനയിലുള്ളതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറിയിച്ചു.

പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ പദ്ധതികള്‍ (ഡി.പി.ആര്‍) സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍    കേരളത്തിന് പരമാവധി സഹായം ഈ പദ്ധതി പ്രകാരം നല്‍കാന്‍ ന്യൂനപക്ഷ മന്ത്രാലയം തയാറാണെന്നും മന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ അറിയിച്ചു. മാവേലിക്കര മണ്ഡലത്തില്‍പ്പെട്ട വെട്ടിക്കവല വികസന ബ്ലോക്കിലെ ആറ് പദ്ധതികള്‍ക്കായി മൂന്ന് കോടിയിലേറെ രൂപയാണ് അനുവദിക്കുന്നത്.

മൈലം ഗ്രാമപഞ്ചായത്തിലെ പെരുംകുളം ഗവണ്‍മെന്‍റ് പി.വി ഹയര്‍സെക്കന്‍ററി സ്കൂളിന് ഹയര്‍ സെക്കന്‍ററി ബ്ലോക്കും കമ്പ്യൂട്ടര്‍ ലാബും നിര്‍മ്മിക്കാന്‍ 1.30 കോടി രൂപയും, തലച്ചിറ ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമും കമ്പ്യൂട്ടര്‍ ലാബും നിര്‍മ്മിക്കാന്‍ 20.48 ലക്ഷം രൂപയും, കോക്കാട് ഗവണ്‍മെന്‍റ് എല്‍.പി.എസ് ഹാള്‍ നവീകരണത്തിന് 53.35 ലക്ഷം രൂപയും, ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ ഗവണ്‍മെന്‍റ് വെല്‍ഫയര്‍ എല്‍.പി.എസിന് സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മിക്കാന്‍ 12.11 ലക്ഷം രൂപയും, ഉമ്മന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലബോറട്ടറി കെട്ടിട നിര്‍മാണത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 70.50 ലക്ഷം രൂപയും, വാളകം വിപണിക്ക് മാര്‍ക്കറ്റ് ഷെഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയും ആണ് അനുവദിക്കുന്നത്. കൂടാതെ കൊട്ടാരക്കര മാര്‍ക്കറ്റ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും മന്ത്രി, കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് ഉറപ്പ് നല്‍കി.