ഇനിയും ഭരിക്കണം എന്ന മോദി സ്വപ്‌നം നടക്കില്ല; ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയും; ആറ് സംസ്ഥാനങ്ങളില്‍ 75 സീറ്റ് നഷ്ടപ്പെടും

ന്യൂഡല്‍ഹി: ഭരണത്തുടര്‍ച്ചയെന്ന മോദിയുടെ സ്വപ്‌നം ബാലികയറാമലയെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നു. ബി.ജെ.പിക്ക് ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം എഴുപത്തഞ്ചിലധികം സീറ്റുകള്‍ നഷ്ടമാകുമെന്നാണ് ദി വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. അവസാനം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നിലവാരവും ഭരണവിരുദ്ധ വികാരവും മോദിക്ക് തിരിച്ചടിയാകും. ബിജെപിക്ക് 2014ല്‍ ഭരണം പിടിക്കാന്‍ ഏറെ സഹായിച്ച ആറ് സംസ്ഥാനങ്ങളിലെ കണക്കുകളാണ് ദി വയര്‍ അവലോകനം ചെയ്തിരിക്കുന്നത്.

ആറ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 75 സീറ്റ് നഷ്ടമായാല്‍ മോദിക്ക് വീണ്ടും ഭരിക്കുക എന്ന മോഹം പ്രസായമേറിയതാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൊത്തം 283 സീറ്റാണ് ലഭിച്ചിരുന്നത്. ഇതില്‍ 140ലധികം സീറ്റ് ലഭിച്ച ആറ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ നിലവില്‍ ബിജെപിക്ക് എതിരാണ്.
ഹിന്ദി ഹൃദയ ഭൂമിയിലാണ് ബിജെപിക്ക് സ്വാധീനം. ഇവിടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ വിജയമാണ് 2014ല്‍ ബിജെപിയെ ഭരിക്കാന്‍ സഹായിച്ചത്. ഇതില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ വോട്ടിങ് നിലവാരമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കിടിപ്പില്‍ വിലങ്ങനെ കിടക്കുന്നത്.

ബിഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളാണ് 2014ല്‍ ബിജെപിയെ തുണച്ചത്. എന്നാല്‍ ഇതില്‍ ആറ് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2017 – 2018 കാലഘട്ടങ്ങളിലാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വലിയ തോതില്‍ രാഷ്ട്രീയ ട്രെന്‍ഡ് മാറിയിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രവചനത്തിന് ഈ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് നിലവാരമാണ് അടിസ്ഥാനമാക്കിയത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഝത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളില്‍ മൊത്തം 154 ലോക്സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ ഇവിടെ നിന്ന് ബിജെപിക്ക് 142 സീറ്റുകള്‍ ലഭിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ 80 ലോക്സഭാ മണ്ഡലങ്ങളുണ്ട്. മധ്യപ്രദേശില്‍ 29, രാജസ്ഥാനില്‍ 25, ഛത്തീസ്ഗഡില്‍ 11, ഉത്തരാഖണ്ഡില്‍ 5, ഹിമാചല്‍ പ്രദേശില്‍ 4 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം.ഇതില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് വലിയ തിരിച്ചടി ലഭിച്ചേക്കില്ല.
ആറ് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് 75 സീറ്റ് നഷ്ടമാകുമെന്നാണ് കണക്കുകളുടെ പരിശോധനയില്‍ തെളിയുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടം യുപിയിലായിരിക്കും. 44 സീറ്റുകളില്‍ ഇവിടെ ബിജെപി പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റാണ് യുപിയില്‍ നിന്ന് ലഭിച്ചത്.
രാജസ്ഥാനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു. എന്നാല്‍ ഇത്തവണ 12 സീറ്റ് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഇവിടെ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്.

മധ്യപ്രദേശില്‍ ബിജെപിയുടെ സ്വാധീനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. എങ്കിലും 10 സീറ്റ് ബിജെപിക്ക് നഷ്ടമാകാനാണ് സാധ്യത. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു. നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഭരിച്ചിരുന്നത്. ഡിസംബറില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് തിരിച്ചെത്തിയത്. ഇത് ബിജെപിയെ ഞെട്ടിച്ചിരുന്നു.

ഛത്തീസ്ഗഡിലെ 11 ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുകയുള്ളൂ എന്നാണ് വാര്‍ത്തയിലെ നിരീക്ഷണം. ബാക്കി ഒമ്പതും കോണ്‍ഗ്രസ് പിടിച്ചെടുക്കും. എന്നാല്‍ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് കാര്യമായ പരിക്കേല്‍ക്കില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് തലവേദനയുണ്ടാക്കുക. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ സഖ്യമാണ് വെല്ലുവിളി.

bjphindi heart landmodinarendra modi
Comments (1)
Add Comment