ആരോഗ്യവകുപ്പ് ആസ്ഥാനത്തെ അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല; ദുരൂഹത

Jaihind Webdesk
Saturday, January 8, 2022

 

തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം ഫയലുകൾ കാണാനില്ല. നഷ്ടമായത് കോടികളുടെ മരുന്നുവാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ. സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം.

മരുന്നുവാങ്ങൽ ഇടപാടുകളുടേത് അടക്കമുള്ള അഞ്ഞൂറിലധികം സുപ്രധാന ഫയലുകളാണ് കാണാതായത്. ഈ വിവരം ബന്ധപ്പെട്ട സെക്‌ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ഇതുവരെ ഒരെണ്ണംപോലും കണ്ടെത്താനായിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായതെന്നതാണ് ശ്രദ്ധേയം.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. സർക്കാർ ആശുപത്രികൾക്ക് ഒരുവർഷം ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോർ പർച്ചേസ് നിയമങ്ങൾ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്.

ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്‍റോൺമെന്‍റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. നവീകരണവുമായി ബന്ധപ്പെട്ട് അലമാരകളും മറ്റും പുനഃക്രമീകരിച്ചപ്പോഴും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചത്. അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സുപ്രധാന ഫയലുകള്‍ കാണാതായെന്നത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.