സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപ; എട്ടുകോടിയിലധികം രൂപയും ചിലവാക്കിയത് ശമ്പളത്തിന്‌ !

Jaihind News Bureau
Sunday, February 7, 2021

സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപയെന്ന് റിപ്പോർട്ട്. ഇതില്‍ തന്നെ എട്ടുകോടിയിലധികം രൂപയും ശമ്പള ഇനത്തിലാണ് ചെലവാക്കിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം കമ്മീഷന്‍ സമര്‍പ്പിച്ച എട്ടോളും റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടുമില്ല.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഭരണ പരിഷ്കാര കമ്മീഷന്‍ രൂപീകൃതമായത്. അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രാജി വച്ചതോടെ കമ്മീഷന്‍റെ പ്രവർത്തനം തന്നെ അവസാനിച്ച മട്ടാണ്.

കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാമായി ശമ്പളമായി നല്‍കിയത് എട്ടുകോടി ആറു ലക്ഷം രൂപ. 21 ലക്ഷം രൂപ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ചികില്‍സാ ആനുകൂല്യം പറ്റി. ഇതില്‍ പത്തൊന്‍പതുലക്ഷത്തോളം രൂപയും ചെലവാക്കിയത് അധ്യക്ഷനുവേണ്ടിയാണ്.

യാത്രാബത്തയായി പതിന്നാല് ലക്ഷം, ഫോണ്‍ ചാര്‍ജ് മൂന്നേമുക്കാല്‍ ലക്ഷം, വാഹന വാടക ഇരുപത്തിനാലു ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ശമ്പളമല്ലാതെ ആകെ ചെലവ് ഒരുകോടി അറുപത്തിരണ്ടു ലക്ഷം രൂപ.

പ്രതിമാസ ശമ്പളമല്ലാതെ ആകെ ഇരുപത്തിയേഴുലക്ഷത്തോളം രൂപയാണ് വി.എസ്.അച്യുതാനന്ദന്‍ ആനുകൂല്യമായി കൈപ്പറ്റിയത്. വിജിലന്‍സ് സിസ്റ്റത്തിന്റെ പരിഷ്കരണം, സ്ഥായിയായ വികസനം, പൊതുജന കേന്ദ്രീകൃത സേവന വ്യവസ്ഥ തുടങ്ങി എട്ട് റിപ്പോര്‍ട്ടുകള്‍ ഭരണ പരിഷ്കാര കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു.