സ്വർണ്ണക്കടത്ത് : കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി തയ്യാറെടുക്കുന്നു; നടപടി ബിനീഷ് കോടിയേരിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ

Jaihind News Bureau
Friday, September 11, 2020

 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കോടിയേരി നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി തയ്യാറെടുക്കുന്നു. ബിനാമി ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. അതേ സമയം ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യാൻ ഇ.ഡി അപേക്ഷ നൽകും.

സ്വർണ്ണക്കടത്ത് കേസിൽ സി പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ഇ.ഡി ക്ക് നൽകിയ മൊഴി പൂർണ്ണമായും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. മൊഴികളിൽ നിരവധി പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതിന് മുൻപ് ഇ ഡി പല തെളിവുകളും ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധി ചോദ്യങ്ങൾ ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ പലത്തിൽ നിന്നും ബിനീഷ് ഒഴിഞ്ഞ് മാറിയുള്ള ഉത്തരമാണ് നൽകിയതെന്നാണ് വിവരം. നേരത്തെ തന്നെ ബനീഷിന്‍റെ ബിസിനസ് പങ്കാളികളടക്കമുള്ള ചിലരെ ചോദ്യം ചെയ്തപ്പോൾ നിരവധി വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

അതോടൊപ്പം സ്വപ്ന സുരേഷ് ബംഗളൂരു ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ്, വിസ സ്റ്റാംമ്പിങ്ങ് ഏജൻസിയായ യു.എ.എഫ്.എക്സ് സൊലൂഷ്യൻസ് ഉടമ അബ്ദുൾ ലത്തീഫ് തുടങ്ങിയവരിൽ നിന്നും ഗൗരവമേറിയ വിവരങ്ങൾ ആണ് ലഭിച്ചിരുന്നത്. ബിനീഷിന്‍റെ മൊഴികളിലെ വൈരുദ്ധ്യത്തിന്‍റെ ഭാഗമായാണ് ചില സുഹൃത്തുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. ഇതിനു പുറമെ ബിനീഷിന്‍റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചം ബാങ്ക് ബാലൻസിനെ കുറിച്ചും അന്വേഷണം നടത്തും. അതേസമയം ലഹരി മരുന്ന് കേസിൽ അന്വേഷണത്തിന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ ബംഗളൂരൂ സംഘം കേരളത്തിലെത്തും. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ബംഗലൂരു സോണൽ യൂണിറ്റാണ് കേരളത്തിലെത്തുക.

teevandi enkile ennodu para