കണ്ണൂർ കല്യാശേരി നിയോജക മണ്ഡലത്തിലെ പിലാത്തറ സ്കൂളിലെ കള്ളവോട്ടിംഗ് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി യു.ഡി.എഫ് ഏജന്‍റ്. എല്ലാ ബൂത്തിലും കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ഏജന്‍റ് യു രാമചന്ദ്രൻ. നാട്ടിൽ ഇല്ലാത്തവരുടെ പേരില്‍ ഉൾപ്പടെ കള്ളവോട്ട് നടന്നു.
പിലാത്തറ സ്കൂളിലെ 17, 18, 19 ബൂത്തുകളിൽ സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി വ്യാപക പരാതി ഉയർന്നിരുന്നു. പത്തൊൻപതാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് ഇടയിലാണ് പിലാത്തറ സ്കൂളിലെ മൂന്ന് ബൂത്തുകളിലും കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ബൂത്ത് ഏജൻറായ യു രാമചന്ദ്രൻ വെളിപ്പെടുത്തിയിരിക്കുന്നത്.
പതിനേഴാം നമ്പർ ബൂത്തിലെ പോളിംഗ് ഏജൻറായിരുന്നു രാമചന്ദ്രൻ. ഉച്ചയ്ക്ക് ശേഷമാണ് സി.പി.എം പ്രവർത്തകർ കള്ളവോട്ട് ആരംഭിച്ചത്. ഇക്കാര്യം പ്രിസൈഡിംഗ് ഓഫിസറുടെയും പൊലീസിന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി എടുത്തില്ല. നാട്ടിൽ ഇല്ലാത്തവരുടെ പേരില്‍ ഉൾപ്പെടെ കള്ളവോട്ട് ചെയ്തതായി രാമചന്ദ്രൻ പറഞ്ഞു.
പ്രിസൈഡിംഗ് ഓഫിസറും പൊലീസും നടപടി എടുക്കാനും തയാറായില്ല. ബൂത്തിൽ വെച്ച് ശാരീരികമായി അക്രമിക്കാൻ ശ്രമിച്ചു. രാമചന്ദ്രന്‍റെ വെളിപ്പെടുത്തലോടെ കളളവോട്ട് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്.