റാം ബയോളോജിക്കൽസ് കടലാസ് കമ്പനി തന്നെ; കൂടുതൽ തെളിവുകൾ പുറത്ത്

Jaihind Webdesk
Friday, July 12, 2019

Ram-Biologicals

അമൃത് പദ്ധതി നടത്തിപ്പുകാരായ റാം ബയോളോജിക്കൽസ് കടലാസ് കമ്പനി ആണെന്നതിന് കൂടുതൽ തെളിവുകൾ. റാം ബയോളോജിക്കൽസിന് കോഴിക്കോട് കക്കോടിയിലുള്ളത് പ്രവർത്തന രഹിതമായ ഹെഡ് ഓഫീസ്. അഴിമതിയുടെ പേരിൽ കമ്പനി വാർത്തകളിൽ നിറഞ്ഞതോടെ പൂട്ടിക്കിടന്ന കെട്ടിടം തുറന്നിട്ട് ഉദ്യോഗസ്ഥർ. ഇങ്ങനെ ഒരു സ്ഥാപനത്തെ കുറിച്ച് സമീപ വാസികൾ പോലും അറിയുന്നത് മാധ്യമ വാർത്തകളെ തുടർന്നാണെന്നതാണ് ഏറെ രസകരം.

അടിസ്ഥാന സൗകര്യ വികസനത്തിനായാണ് കേന്ദ്ര പദ്ധതിയായ അമൃത് കേരളത്തിൽ നടപ്പാക്കി വരുന്നത്. 400 കോടി രൂപയുടെ അമൃത് എന്ന മാലിന്യ സംസ്‌കരണ പദ്ധതി. രണ്ടു വർഷം മുൻപ് വാടകയ്ക്ക് എടുത്ത ചെറിയ വീടാണ് പ്രോജക്റ്റ് തയാറാക്കുന്ന റാം ബയോളോജിക്കൽസിന്‍റെ കോഴിക്കോട് കക്കോടിയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസ്. എന്നാല്‍ ഓഫീസ് സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നില്ല. ആറ് മാസം മുമ്പ് മാത്രമാണ് റാം ബയോളജിക്കൽസ് എന്ന ബോർഡ് പോലും സ്ഥാപിച്ചത്. സ്ഥിരമായി പൂട്ടിക്കിടന്ന കെട്ടിടമാണിത്. കമ്പനി വാർത്തകളിൽ നിറഞ്ഞതോടെ അടച്ചിട്ട ഗേറ്റ് ഉദ്യോഗസ്ഥർ തുറന്നിട്ടു. എങ്കിലും ഓഫീസ് പ്രവർത്തങ്ങൾ ഒന്നും തന്നെ ഇപ്പോഴും ഇവിടെ നടക്കുന്നില്ല.

സമീപവാസികൾക്കോ നാട്ടുകാർക്കോ ഇങ്ങനെ ഒരു കമ്പനിയെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മാധ്യമ വാർത്തകളെ തുടർന്നാണ് ഇങ്ങനെ ഒരു ഓഫീസിനെക്കുറിച്ചുപോലും സമീപവാസികൾ അറിയുന്നത്. ഇത്തരം ഒരു കടലാസ് കമ്പനിയാണ് അമൃതിന്‍റെ 27 പദ്ധതികളിൽ 23 നും പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കിയത്. അമൃത് പദ്ധതിയിൽ ഇടതു സർക്കാരിന്‍റെ അഴിമതി എടുത്തുകാട്ടുന്നതാണ് പ്രവർത്തന രഹിതമായ ഈ ഹെഡ് ഓഫീസ്.