മദ്യനയത്തിൽ ഇന്ന് കൂടുതല്‍ ചർച്ച; ബാറുടമകളും എക്സൈസ് മന്ത്രിയും ചർച്ചയില്‍

 

തിരുവനന്തപുരം: കോഴ ആരോപണവും വിവാദങ്ങളും ആളിപ്പടരുന്നതിനിടയിൽ സർക്കാരിന്‍റെ മദ്യനയത്തിൽ എക്സൈസ് മന്ത്രി ഇന്ന് കൂടുതൽ ചർച്ച നടത്തും. ബാർ ഉടമകളുമായും ഡിസ്റ്റലറികളുമായും മന്ത്രി എം.ബി. രാജേഷ് ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസിൽ ആയിരിക്കും ചർച്ച. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്നും ഉള്ള ആവശ്യം ബാറുടമകൾ മുന്നോട്ടു വെയ്ക്കും. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതുമായ ചർച്ചകളാണ് ഡിസ്റ്റിലറികളുമായി നടക്കുക. കള്ളു ഷാപ്പ് ലൈസൻസികൾ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി മന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മദ്യനയം രൂപപ്പെടുത്തുന്നതിന് മുന്നോടിയായുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് വിവാദ ബാർകോഴ സംഭാഷണം പുറത്തുവന്നത്. ഇതോടെയാണ് സർക്കാരും ബാറുടമകളും കോഴ ആരോപണത്തിൽ വെട്ടിലായത്.

അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ മദ്യനയ വിവാദത്തിൽ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മദ്യനയത്തില്‍ എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. എക്‌സൈസ് വകുപ്പ് നോക്കുകുത്തിയായെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാർ കോഴ യില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

Comments (0)
Add Comment